കളമശേരി സ്‌ഫോടനം: ഒരാൾകൂടി മരിച്ചു; മരണസംഖ്യ ഏഴായി

കൊച്ചി : കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങര തൊട്ടിയിൽ കെ.വി. ജോണാണ് (76) മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ജോണിന്റെ ആരോഗ്യനില ഇടയ്‌ക്ക് മെച്ചപ്പെട്ടിരുന്നു. എന്നാൽ, സ്ഥിതി വഷളായതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ വെന്റിലേറ്ററിലായി. ഡയാലിസിസിനും വിധേയനാക്കി. വൃക്കകളടക്കം ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ ശനിയാഴ്ച വൈകിട്ട് മരിച്ചു. വില്ലേജ് അസിസ്റ്റന്റായിരുന്നു. സംസ്കാരം പിന്നീട്.
മക്കൾ: ലിജോ (ബിസിനസ്, മുതലക്കോടം), ലിജി (എറണാകുളം), ലിന്റോ (യു.എസ്.എ). മരുമക്കൾ: മിന്റു (കളത്തൂർ മഠത്തിൽ പള്ളിക്കത്തോട്), സൈറസ് (വടക്കേ കുടിയിരുപ്പിൽ കൂത്താട്ടുകുളം), റീന.
ഇതോടെ കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. വണ്ണപ്പുറം സ്വദേശി കുമാരി, പെരുമ്പാവൂർ വട്ടോളിപ്പടിയിലെ ലിയോണ പൗലോസ്, ഗണപതി പ്ലാക്കലിലെ മോളി ജോയ്, മലയാറ്റൂരിലെ റീന, മക്കളായ ലിബ്‌ന (12), പ്രവീൺ (24) എന്നിവരാണ് നേരത്തേ മരിച്ചത്. ഒക്‌ടോബർ 29ന് കളമശേരിയിലെ സാമ്ര കൺവൻഷൻ സെന്ററിൽ ചേർന്ന യഹോവയുടെ സാക്ഷികളുടെ കൺവൻഷനിലാണ് സ്‌ഫോടനം നടന്നത്. പ്രതി ചിലവന്നൂർ സ്വദേശി ഡൊമിനിക് മാർട്ടിൻ റിമാൻഡിലാണ്.