വിമാനങ്ങളുടെ അറ്റകുറ്റപ്പണി: കണ്ണൂരിൽ എം.ആർ.ഒ സൗകര്യത്തിന് സാധ്യതയേറെ

Share our post

കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ചു വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള വിപുലമായ സൗകര്യം ഒരുക്കണമെന്ന്(എംആർഒ) ആവശ്യം. ഇതു വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും കുതിപ്പേകും. സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ 2300 ഏക്കറോളം ഭൂമിയാണു കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(കിയാൽ) കൈവശമുള്ളത്. ഈ ഭൂമി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും എംആർഒ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ സഹായിക്കും.

ലോകത്തെ മുൻനിര വിമാനക്കമ്പനികളായ ബോയിങ്, എയർബസ് എന്നിവയിൽ നിന്നായി 1100 വിമാനങ്ങൾ വാങ്ങാനുള്ള ഓർഡറുകളാണ് ഇന്ത്യൻ വിമാനക്കമ്പനികൾ നൽകിയിരിക്കുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർലൈനുകളാണു മത്സരിച്ചു വിമാനങ്ങൾ ഇന്ത്യയിൽ എത്തിക്കാനായി കരാറുകൾ ഒപ്പുവച്ചത്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കകത്തു വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഒരുക്കണമെന്നു വ്യോമയാന മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ ഗോ ഫസ്റ്റ് ഇത്ര വലിയ പ്രതിസന്ധി നേരിടേണ്ടി വരുമായിരുന്നില്ല എന്നാണു വ്യോമയാന മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

വിമാനങ്ങളുടെ പരിശോധന, എൻജിനുകളുടെ അറ്റകുറ്റപ്പണി എന്നിവയുടെ ആഗോള ഹബ് ആയി രാജ്യത്തെ മാറ്റുമെന്നു രണ്ടു വർഷം മുൻപേ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഈ മേഖലയിൽ ഒട്ടേറെ ഇളവുകളും അനുവദിച്ചു. നികുതി നിരക്കുകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്ക് അകമഴിഞ്ഞ പിന്തുണയാണു കേന്ദ്രസർക്കാർ നൽകുന്നത്. ഈ സാഹചര്യങ്ങളെല്ലാം പ്രയോജനപ്പെടുത്താൻ കണ്ണൂരിനു കഴിഞ്ഞാൽ ഇവിടെയും എംആർഒ സൗകര്യം ഒരുക്കാൻ സാധിക്കും. ഇത്രയേറെ ഭൂമി കൈവശമുള്ള വിമാനത്താവളങ്ങൾ രാജ്യത്തു കുറവാണ് എന്നതും കണ്ണൂരിനു നേട്ടമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!