നിർമ്മിക്കാൻ പതിനായിരം, മൈലേജ് 45 കി.മി; റോമിയോയുടെ ബൈക്ക് നാട്ടിൽ ഹിറ്റ്

കണ്ണൂർ: ഒൻപതാം ക്ളാസുകാരൻ റോമിയോ ജോർജ് സ്വന്തമായി നിർമ്മിച്ച ബൈക്കിന്പിന്നാലെയാണ് പാടിയോട്ടുചാലുകാർ. നാട്ടിടവഴികളിലൂടെ രണ്ടുവർഷമായി ഓടുന്ന ഈ ബൈക്ക് ഇപ്പോഴാണ് ഹിറ്റായത്.
ചെറുപ്പം മുതലേ കണ്ണൂർ പാടിയോട്ടുചാൽ കരിപ്പോട്ടെ റോമിയോ ജോർജ് എന്ന ഒമ്പതാം ക്ലാസുകാരന് ബൈക്ക് അടക്കമുള്ള വാഹനങ്ങളോട് വല്ലാത്ത അടുപ്പമായിരുന്നു.
കക്കയംചാൽ സെന്റ് മേരീസ് സ്‌കൂളിലെ ഈ വിദ്യാർത്ഥി കൊവിഡ് കാലത്ത് യൂട്യൂബ് വഴിയാണ് ബൈക്ക് നിർമ്മാണത്തെ കുറിച്ച് പഠിച്ചത്. സ്വന്തമായി ഒരു ബൈക്ക് നിർമ്മിക്കാനുള്ള ആഗ്രഹത്തോടൊപ്പം വീട്ടുകാരും കട്ടയ്ക്ക് കൂടെനിന്നു. റോമിയോയുടെ ഇഷ്ടം മനസിലാക്കിയ അയൽവാസി പാഷൻ പ്ളസിന്റെ പഴയ എൻജിനും ടയറുകളും നൽകി.
സൈലൻസർ ഓൺലൈനായി വാങ്ങി. പഴയ സൈക്കിളിന്റെ സീറ്റുകളടക്കം ശേഖരിച്ചു .ജി.ഐ പൈപ്പാണ് ബൈക്കിന്റെ ബോഡിയും പെട്രോൾ ടാങ്കും. അതുകൊണ്ട് ഒറ്റനോട്ടത്തിൽ പെട്രോൾ ടാങ്ക് കണ്ടുപിടിക്കാൻ പറ്റില്ല. രണ്ടുലിറ്റർ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടാങ്ക്. മുൻപിലുള്ള ടയർ സ്‌പ്ലെൻഡറിന്റേതും ബാക്കിൽ പാഷൻ പ്ലസിന്റേതും ആണ്. സീറ്റ് പഴയ സൈക്കിളിന്റേതും.
ഹോണിന് പകരമായി സൈക്കിൾ ബെല്ലും.ആയിരം സി.സി ഉള്ള ബൈക്കിന് നാല് ഗിയറുകളാണുള്ളത്.ക്ലച്ചും ബ്രേക്കും കുറ്റമറ്റതാണ്. രണ്ടു മാസമെടുത്താണ് വീട്ടിൽ സ്വന്തമായി ഒരു ബൈക്ക് എന്ന സ്വപ്നം റോമിയോ പൂർത്തീകരിച്ചത്. ചിലവ് ഏതാണ്ട് പതിനായിരം രൂപയിൽ ഒതുക്കാനുമായി. വണ്ടിക്ക് 45 കിലോമീറ്ററോളം മൈലേജ് ലഭിക്കുന്നുണ്ടെന്നാണ് റോമിയോ പറയുന്നത്.