അധിക തുക ഈടാക്കിയ അക്ഷയകേന്ദ്രങ്ങൾക്ക് പിഴ

കണ്ണൂർ:നിർദേശങ്ങൾ മറികടന്ന് അക്ഷയകേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നെന്ന പരാതികളിൽ പരിശോധന തുടങ്ങി. അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നിന്നുമെത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ പയ്യന്നൂരിലെ രണ്ട് അക്ഷയകേന്ദ്രങ്ങൾക്ക് പിഴ ചുമത്തി.
പയ്യന്നൂർ ടൗണിലെ അബൂബക്കർ സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ള അക്ഷയകേന്ദ്രത്തിനും അന്നൂരിലെ പി. സജിനയുടെ ഉടമസ്ഥതയിലുള്ള അക്ഷയകേന്ദ്രത്തിനും 5000 രൂപവീതമാണ് പിഴ ഈടാക്കിയത്.
കേന്ദ്രത്തിലെത്തുന്നവരിൽ നിന്ന് തുക ഈടാക്കിയതിന് കൃത്യമായ കംപ്യൂട്ടറൈസ്ഡ് ബില്ല് നൽകാതെയും ആളുകൾ കാണത്തക്ക വിധത്തിൽ ഫീസ് ബോർഡ് പ്രദർശിപ്പിക്കാതെയും അമിത തുക ഈടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. അക്ഷയകേന്ദ്രത്തിലെത്തുന്നവരോട് മോശമായി പെരുമാറിയാൽ നടപടിയുടെ ഭാഗമായി 1000 രൂപ വേറെയും പിഴചുമത്തും.
അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് അക്ഷയകേന്ദ്രങ്ങളിൽ ജില്ലാ വിജിലൻസ് രഹസ്യപരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജില്ലാ പ്രോജക്ട് ഓഫീസിൽ നിന്നുമുള്ള പരിശോധന.