വായ്‌പ തിരിച്ചടവ്: പ്രമാണം വിട്ടുനൽകാൻ വൈകിയാൽ ദിവസം 5000 പിഴ

വായ്‌പ തിരിച്ചടച്ചശേഷം പ്രമാണം വിട്ടുനൽകുന്നതിന് കാലപരിധി നിശ്‌ചയിച്ച ആർ.ബി.ഐ ഉത്തരവ് വെള്ളി മുതൽ പ്രാബല്യത്തിൽ. ഇതു പ്രകാരം വായ്പ തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്തുവകകളുടെ യഥാർഥ പ്രമാണങ്ങൾ ബാങ്ക് തിരികെ നൽകണം. വൈകുന്ന ഓരോദിവസത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടിവരും. പ്രമാണം നഷ്ടപ്പെടുകയോ ഭാഗികമായോ പൂർണമായോ നാശമുണ്ടാകുകയോ ചെയ്‌താൽ നഷ്ടപരിഹാരത്തിനു പുറമെ അംഗീകൃത പകർപ്പ് ലഭിക്കുന്നതിന് ഇടപാടുകാരനെ സഹായിക്കണം.
അനുബന്ധ ചെലവുകളും വഹിക്കണം. ഇത് പൂർത്തിയാക്കാൻ 30 ദിവസംകൂടി അനുവദിക്കും. 60 ദിവസത്തിനുശേഷം കാലതാമസത്തിനുള്ള പിഴ കണക്കാക്കും. ബാങ്കുകൾ, സഹകരണ ബാങ്കുകൾ, നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ എന്നിവയ്‌ക്കുൾപ്പെടെ ഉത്തരവ് ബാധകമാണ്.