കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നുപേര്‍ കസ്റ്റഡിയില്‍, പിടിയിലായത് തെങ്കാശിയില്‍ നിന്ന്

Share our post

ഓയൂര്‍: കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയില്‍ നിന്നാണ് ഇവര്‍ പിടിയിലായത് എന്നാണ് പുറത്തുവരുന്ന വിവരം. ഇവരില്‍ നിന്ന് രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ഔദ്യോഗിക വിവരങ്ങള്‍ പോലീസ് ഉടന്‍ പുറത്തുവിടും.

ഉച്ചയ്ക്ക് 1.45-നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായൊരാള്‍ ചാത്തന്നൂര്‍ സ്വദേശിയാണെന്നും സൂചനയുണ്ട്. തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരും കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

പട്ടാപ്പകല്‍ ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും പോലീസും നാട്ടുകാരും ഉടന്‍തന്നെ വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികള്‍ക്ക് കൊല്ലം നഗരത്തില്‍ എത്താന്‍ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതും കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനംപോലും കണ്ടെത്താന്‍ കഴിയാതിരുന്നതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍ എടുത്തുവെന്ന സുപ്രധാന വിവരം പുറത്തുവരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!