മാലിന്യം വലിച്ചെറിയല്‍: എറണാകുളത്തു നിന്ന് മാത്രം ഒരു വര്‍ഷത്തിനിടെ പിഴ ഇടാക്കിയത് 84 ലക്ഷംരൂപ

Share our post

കൊച്ചി: എറണാകുളം ജില്ലയില്‍ മാലിന്യം വലിച്ചെറിഞ്ഞവരില്‍ നിന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈടാക്കിയത് 84 ലക്ഷം രൂപ. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരില്‍നിന്ന് ആകെ 62.94 ലക്ഷം രൂപയും ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിച്ചവരില്‍നിന്ന് 13.60 ലക്ഷം രൂപയുമാണ് ഈടാക്കിയത്.

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുകയോ നിക്ഷേപിക്കുകയോ ചെയ്ത വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അതാത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് പിഴയീടാക്കുന്നത്.

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന്റെ തെളിവ് വീഡിയോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം നല്‍കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരത്തില്‍ 104 കേസുകള്‍ വീഡിയോ സഹിതം പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍നിന്ന് അകെ 7.49 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് ശേഷമാണ് ജില്ലയിലെ പരിശോധനയും പിഴ ഈടാക്കലും കര്‍ശനമാക്കിയത്.

മാലിന്യം നിക്ഷേപിക്കുന്നവരെയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെയും വില്പന നടത്തുന്നവരെയും കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജില്ലാ കാമ്പയിന്‍ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിലും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മാലിന്യ സംസ്‌കരണ മേഖലയില്‍ മാറ്റം വരുത്തുന്നതിനായി ആറ് മാസമായി വിപുലമായ കാമ്പയിനാണ് തദ്ദേശ സ്വയഭരണ വകുപ്പ്, ശുചിത്വമിഷന്‍, നവകേരള മിഷന്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി, കില തുടങ്ങിയ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയുള്ള കാമ്പയിന്‍ സെക്രട്ടേറിയറ്റ് നടത്തുന്നത്.

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും മാലിന്യം കൃത്യമായി തരംതിരിച്ച് ഹരിതകര്‍മസേനയ്ക്ക് കൈമാറാത്തവര്‍ക്കെതിരെയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. 2024 മാര്‍ച്ച് 31-ഓടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണവകുപ്പ് മൂന്ന് ഘട്ടങ്ങളിലായി ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്‍ നടത്തിവരികയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!