നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മി അന്തരിച്ചു

Share our post

കൊച്ചി: നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍.

ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധര്‍വയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു. ജാക്ക് ഡാനിയേല്‍, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളില്‍ ഗാനം ആലപിച്ചു.

പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ അടക്കം മൂന്ന് മക്കളുണ്ട്. മരുമകൻ: പരേതനായ രാജാറാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!