അഞ്ചുമാസമായി സ്റ്റൈപ്പെന്റില്ല; കണ്ണൂർ മെഡി.കോളേജിൽ ഹൗസ് സർജന്മാർ സമരത്തിലേക്ക്

Share our post

കണ്ണൂർ: അഞ്ചുമാസമായി സ്റ്റൈപ്പന്റ് മുടങ്ങിയ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ ഒടുവിൽ സമരത്തിലേക്ക്. ഈ വർഷം ജൂലായ് മുതൽ ഹൗസ് സർജൻസി തുടങ്ങിയവർക്കാണ് അധികൃതർ സ്റ്റൈപ്പെന്റ് നിഷേധിക്കുന്നത്. കോടതി ഉത്തരവ് നിലനിൽക്കെ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതർ സ്റ്റൈപ്പന്റ് നൽകാത്തതെന്ന് ഇവർ ആരോപിക്കുന്നു.

2018 ബാച്ചിലുള്ള 80 ഡോക്ടർമാരാണ് പരിയാരത്ത് ഹൗസ് സർജൻസി ചെയ്യുന്നത്. ഇവർ അഡ്മിഷൻ എടുത്ത ശേഷം ഫീസ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇത് പിന്നീട് സുപ്രീം കോടതിയിലെത്തി. 2020ൽ ഫീസ് പുനർനിർണയിച്ചതിന് ശേഷം മാത്രം വിദ്യാർത്ഥികൾ ഫീസ് അടച്ചാൽ മതിയെന്നായിരുന്നു കോടതി ഉത്തരവ്.വിധി വരുന്നതിന് മുമ്പുള്ള രണ്ടു വർഷത്തെ ഫീസ് വിദ്യാർത്ഥികൾ അടച്ചിരുന്നു. 

സീനിയർമാർക്ക് ബാധകമല്ല

അതേസമയം ഇതേ നടപടി നേരിടുന്ന 2017 ബാച്ച് ഹൗസ് സർജന്മാർക്ക് സർക്കാർ ഫണ്ടിൽ നിന്നും സ്റ്റൈപ്പന്റ് നൽകുന്നുണ്ട്. കാൽലക്ഷം രൂപയാണ് ഹൗസ് സർജന്മാർക്ക് ഇവിടെ ഒരുമാസം നൽകുന്നത്. സർക്കാർ സാലറി സ്‌കെയിൽ പ്രകാരം 26,000 രൂപയാണ് നൽകുന്നത്. നിലവിൽ സ്ഥാപനത്തിന്റെ സ്റ്റൈപ്പെന്റ് ഹെഡിൽ 1,11,19,337 രൂപ ബാക്കിയുണ്ടെന്നാണ് ഹൗസ് സർജന്മാർ പറയുന്നത്. എന്നിട്ടും സർക്കാരിൽ നിന്ന് അനുമതി നൽകുന്ന മുറയ്ക്ക് മാത്രമേ സ്റ്റൈപ്പന്റ് അർഹതയുള്ളുവെന്നാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാൽ അനുമതിക്കായി അധികൃതർ യാതൊന്നും ചെയ്യുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ഇനി അനിശ്ചിതകാല സമരം

36 മണിക്കൂർ ഷിഫ്റ്റുകളിലായി ഊണും ഉറക്കവുമില്ലാതെയാണ് ഇവിടുത്തെ ഹൗസ് സർജന്മാർ പണിയെടുക്കുന്നത്. സ്റ്റൈപ്പെൻ് നൽകാത്തതിൽ പ്രതിഷേധിച്ച് ഇവർ സൂചന സമരം നടത്തിയിരുന്നു. 19ന് ആരോഗ്യ മന്ത്രി വീണാ ജോർജിനെ നേരിട്ട് കണ്ട് പരാതി നൽകുകയും ചെയ്തു. സർക്കാർ തലത്തിൽ ഉടൻ തീരുമാനമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും ഇതുവരേ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

സ്റ്റൈപ്പന്റ് നൽകാത്തതിൽ പ്രതിഷേധിച്ച് അടുത്തമാസം നാലുമുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ഹൗസ് സർജൻ അസോസിയേഷൻ പ്രസിഡന്റ് ഡോ.സൗരവ് സുധീഷ്, സെക്രട്ടറി ഡോ. നീരജ കൃഷ്ണൻ, ഡോ. അലൻ എബ്രഹാം എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!