ആദിവാസി വിദ്യാർഥികൾക്കുള്ള ഗ്രാന്റ് മുടങ്ങി; നല്‍കാന്‍ ബാക്കി 50 ലക്ഷത്തിലധികം രൂപ

Share our post

കണ്ണൂർ: ആദിവാസിവിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ് മുടങ്ങിയിട്ട് ഒരുവർഷം പിന്നിടുന്നു. എൽ.പി.തലംമുതൽ ഉന്നതവിദ്യാഭ്യാസംവരെയുള്ള വിദ്യാർഥികളുടെ ഇ-ഗ്രാന്റാണ് മുടങ്ങിക്കിടക്കുന്നത്.

എൽ.പി.മുതൽ 10-ാം ക്ലാസ്‌വരെ 50 ലക്ഷത്തിലധികം രൂപയാണ് നൽകാനുള്ളത്. ഡിഗ്രി, പി.ജി., ബി.എഡ്., മറ്റ് പ്രൊഫഷണൽ കോഴ്സ് വരെയുള്ള 900-ലധികം വിദ്യാർഥികൾക്ക് 3.36 കോടി രൂപ കുടിശ്ശികയുണ്ട്.

സ്കൂൾതലങ്ങളിലുള്ള കുട്ടികൾക്ക് പ്രതിമാസം 200 രൂപയും ഉന്നതവിദ്യാഭ്യാസരംഗത്തുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 3500 രൂപയുമാണ് വിദ്യാഭ്യാസഗ്രാന്റായി നൽകുന്നത്. കൂടാതെ പോക്കറ്റ് മണിയായി 200 രൂപയും ലഭിക്കും.

വിദ്യാർഥികൾ കടക്കെണിയിൽ

36 ആദിവാസി വിഭാഗങ്ങളിൽ സാമ്പത്തികമായിഏറ്റവും പിന്നാക്കമുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സർക്കാർ ഇ-ഗ്രാന്റ് നൽകുന്നത്. ഒരു തുണ്ട് ഭൂമിയില്ലാത്തവരും മാതാപാതാക്കൾക്ക് കാര്യമായ ജോലിയോ വരുമാനമോ ഇല്ലാത്തവർക്കുമാണ്‌ ഗ്രാന്റ് നൽകുന്നത്. പ്രതിമാസം 3500 രൂപയും പോക്കറ്റ് മണിയായി 200 രൂപയുമാണ് നൽകുന്നത്.

എന്നാൽ, പ്രതിമാസം 6500 മുതൽ 7000 രൂപവരെ ചെലവുവരുന്നതായി വിദ്യാർഥികൾ പറയുന്നു. പല കോളേജുകളിലും പെൺകുട്ടികൾക്ക് മാത്രമാണ് താമസസൗകര്യമുള്ളത്. ആൺകുട്ടികൾ പുറത്ത് പണംമുടക്കി താമസിക്കേണ്ടിവരുന്നതുകൊണ്ട് ചെലവേറുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്.

പെൺകുട്ടികളുടെ താമസസ്ഥലങ്ങളിൽ ഭക്ഷണത്തിനും മറ്റും കുടിശ്ശികയാണ്. സപ്ലൈകോയിൽ നിന്നും അരിയും പലവ്യഞ്ജനങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ, പച്ചക്കറി, മത്സ്യം, മീൻ എന്നിവ പുറത്തുനിന്നും വാങ്ങിക്കേണ്ടിവരുന്നതിനാൽ ഇവ വാങ്ങിയവകയിലും കടമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!