പല്ലെടുക്കരുത്; ജീവിതം താറുമാറാകും

Share our post

കൊച്ചി : മനുഷ്യ ശരീരത്തിലെ പ്രധാന ഭാഗമായ വായിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് പല്ലുകളെന്നും അതിനാൽ നിസാര കാര്യങ്ങൾക്ക് പോലും പല്ലെടുക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും പ്രശസ്ത ഇംപ്ലാന്റോളജിസ്റ്റും ഓർത്തോഡോന്റിസ്റ്റുമായ ഡോ. സി.ടി. ഷൗക്കത്ത് അലി വ്യക്തമാക്കി. സൗന്ദര്യ വർദ്ധനവിന് വേണ്ടി ഉന്തി നിൽക്കുന്ന പല്ലുകളിൽ കമ്പി ഇടുന്നതിന് പല്ലുകൾ ഇളക്കിക്കളയുന്ന പ്രവണത കേരളത്തിൽ കൂടുതലാണ്. ഇത് പലതും വേണ്ട രീതിയിൽ ഉള്ള പ്രോട്ടോകോളുകൾ പാലിക്കാതെയാണ്. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ എടുക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ പോലും അത് ചെയ്യാൻ പാടുള്ളൂവെന്നും അല്ലാത്ത പക്ഷം ഇത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും കൊച്ചിയിൽ നടക്കുന്ന ആഗോള ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ സമ്മേളനത്തിൽ ഡോ. ഷൗക്കത്ത് അലി പറഞ്ഞു.

ആഹാരം ചവച്ച് അരച്ച് കഴിക്കാൻ കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. കഴിക്കുന്ന ഭക്ഷണം വായിൽ വെച്ച് പല്ലുകളുടെ സഹായത്തിൽ ചവച്ച് അരച്ച് ഇറക്കിയാലേ കുടലിൽ വെച്ച് കൃത്യമായ രീതിയിൽ ഭക്ഷണം ദഹിക്കുകയുള്ളൂ. കൃത്രിമമായി വെക്കുന്ന പല്ലുകൾക്ക് ഒർജിനൽ പല്ലുകളുടെ പകുതി പോലും ശക്തിയിൽ ഭക്ഷണം ചവച്ച് അരയ്ക്കാനുള്ള ശേഷി കാണില്ല. വെപ്പ് പല്ലുകൾ ഭക്ഷണം 15 ശതമാനം മാത്രമാകും ചവച്ചരയ്ക്കുക. ബാക്കി 85 ശതമാനം ഭക്ഷണം ചവയ്ക്കാതെ വയറ്റിലേക്ക് നേരിട്ട് പോവുകയാണ് ചെയ്യുക. അത് കാരണം ദഹന പ്രക്രിയയിൽ തടസമുണ്ടാകുകയും അത് ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴി വെയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൈയ്യിലെ 5 വിരലുകളുടെ ഷേപ്പ് താഴെയുള്ള അസ്ഥിയുടെ ഷേപ്പിന്റെ അടിസ്ഥാനത്തിലാണ്. അത് പോലെ അസ്ഥികളുടെ മുകളിലാണ് പല്ലുകൾ സ്ഥിതി ചെയ്യുന്നത്. പല്ല് എടുക്കുന്നത് കൊണ്ട് അസ്ഥികൾക്ക് ബലക്ഷയം ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകുകയും, അത് കാരണം മുഖത്തിന്റെ സ്വാഭാവികമായ ഷേപ്പിന് വ്യത്യാസം വരുകയും അതിന് വേണ്ടിയുള്ള വേറെ ചികിത്സയ്ക്ക് പോകേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത് ഒഴുവാക്കുന്നതിന് വേണ്ടി ആ മേഖലയിൽ വിദഗ്ധരായ ദന്തിസ്റ്റുകളുടെ സേവനം തേടണം. പല്ലെടുക്കണമെന്ന് ഒരു ഡോക്ടർ പറഞ്ഞാൽ പല്ലിന്റെ എക്‌സറേ ഉൾപ്പെടെയുമായി രണ്ടാമത് ഒരു ഡോക്ടറിൽ നിന്നും നിർദ്ദേശം സ്വീകരിക്കുന്നതിൽ പോലും തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടങ്ങൾ, മോണ രോഗം, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, രാസ ലഹരികളുടെ ഉപയോഗം തുടങ്ങിയവ കൊണ്ടാണ് കൂടുതലും ദന്തരോഗങ്ങൾ ഉണ്ടാകുന്നത്. അതിൽ അപകടങ്ങൾ കൊണ്ടുള്ളവ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം മനുഷ്യരുടെ അലസത കൊണ്ട് ഉണ്ടാകുന്നതാണ്. അത് ഇക്കാലത്ത് കൂടി വരുകയാണെന്നും ദന്തസംരക്ഷണത്തിന് ഇക്കാര്യത്തിൽ കൂടുതൽ അവബോധം നൽകേണ്ട സമയാണെന്നും ഡോ. ഷൗക്കത്തലി സൂചിപ്പിച്ചു.

ലോകത്തിലെ മറ്റുള്ള മേഖലയിലെ വളർച്ച പോലെ തന്നെ മനുഷ്യരിൽ കൃത്രിമമായി പല്ല് നിർമ്മിച്ച് വെച്ച് പിടിപ്പിക്കുന്നത് മാറി മനുഷ്യകോശത്തിൽ നിന്നു തന്നെ പല്ല് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം നടന്നു വരുകയാണ്. അത് വിജയകരമായാൽ ദന്ത സംരക്ഷണ മേഖലയിക്ക് കുതിച്ചു ചാട്ടമാകുമെന്നും ഡോ. ഷൗക്കത്തലി വ്യക്തമാക്കി.

വേൾഡ് ഇംപ്ലാന്റ് എക്സ്പോയിലെ രണ്ടാം ദിനത്തിൽ ഡോക്ടർമാരായ ഉദത്ത ഖേർ, നീൽ ഭട്ടവാടെക്കർ, യസാദ്‌ ഗാന്ധി, സെജിൻ ചന്ദ്രൻ, വരുൺ ആചാര്യ, ജോൺസൺ രാജ ജെയിംസ്‌, രാഹുൽ കക്കോദർ, പി.സി. ജേക്കബ്‌, സങ്കൽപ് മിത്തൽ, അശ്വിനി പാധ്യേ, ഇർഫാൻ കച്ച്വാല, മൈക്ക് കാൽഡെറോൺ തുടങ്ങിയവർ സെഷനുകൾ നയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!