സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് ഒ.എൻ.ജി.സി. സ്കോളർഷിപ്പ്

Share our post

എൻജിനിയറിങ്, എം.ബി.ബി.എസ്., എം.ബി.എ., ജിയോളജി, ജിയോഫിസിക്സ് മാസ്റ്റേഴ്സ് എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി), 2023-24 അധ്യയനവർഷത്തേക്ക് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. ഒ.എൻ.ജി.സി. ഫൗണ്ടേഷൻ വഴിയാണ് പദ്ധതിനടപ്പാക്കുന്നത്.

പ്രതിമാസം 4000 രൂപ നിരക്കിൽ ഒരുവർഷം 48,000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പ്, എൻജിനിയറിങ്, എം.ബി.ബി.എസ്. പഠനത്തിന് നാലുവർഷത്തേക്കും മറ്റുള്ളവയ്ക്ക് രണ്ടു വർഷത്തേക്കും ലഭിക്കും. ജനറൽ കാറ്റഗറിയിലും ഒ.ബി.സി. കാറ്റഗറിയിലും 500 വീതവും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ 1000 ആയിരവും സ്കോളർഷിപ്പുകൾ നൽകും. ഓരോ വിഭാഗത്തിലും ഓരോ കോഴ്സിനും നൽകുന്ന സ്കോളർഷിപ്പുകളുടെ എണ്ണം ongcscholar.org ൽ നൽകിയിട്ടുണ്ട്. പകുതി സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി നീക്കിവെച്ചിട്ടുണ്ട്.

യോഗ്യത

2023-24 അധ്യയനവർഷം ഈ പ്രോഗ്രാമുകളിൽ പ്രവേശനംനേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. എൻജിനിയറിങ്/എം.ബി.ബി.എസ്. അപേക്ഷാർഥി, പ്ലസ്ടു പരീക്ഷയും എം.ബി.എ./മാസ്റ്റേഴ്സ് അപേക്ഷകർ ബിരുദ പരീക്ഷയും 60 ശതമാനം മാർക്കുവാങ്ങി ജയിച്ചവരായിക്കണം. (ഗ്രേഡിങ് എങ്കിൽ 6.0 ഒ.ജി.പി.എ./സി.ജി.പി.എ.). അംഗീകൃത ഫുൾടൈം റഗുലർ കോഴ്സിൽ ആകണം പഠനം. 16.10.2023-ന്, 30 വയസ്സ് കവിഞ്ഞിരിക്കരുത്. വാർഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം. പട്ടിക വിഭാഗക്കാരുടെ കാര്യത്തിൽ വാർഷിക കുടുംബവരുമാനം നാലരലക്ഷം രൂപയിൽ താഴെയായിരിക്കണം.

തിരഞ്ഞെടുപ്പ്

രാജ്യത്തെ അഞ്ച് മേഖലകളായി തിരിച്ച്, തുല്യമായി (ജനറൽ- 100/ഒബി.സി.- 100/പട്ടിക വിഭാഗം- 200 വീതം) ഓരോ മേഖലയ്ക്കും സ്കോളർഷിപ്പുകൾ നൽകും. കേരളം തെക്കൻ മേഖലയിലാണ് (അഞ്ചാം മേഖല). യോഗ്യതാ പ്രോഗ്രാമിന് പഠിച്ച സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലം പരിഗണിച്ചാണ് ബാധകമായ മേഖല കണ്ടെത്തുന്നത്. യോഗ്യതാ പരീക്ഷയിലെ മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ബി.പി.എൽ. വിഭാഗക്കാർക്ക് മുൻഗണനയുണ്ട്. അവരുടെ അഭാവത്തിൽമാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ.

അപേക്ഷ

ongcscholar.org വഴി നവംബർ 30 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ അപ്‌ലോഡ് ചെയ്യണം. അപേക്ഷയുടെ ഹാർഡ് കോപ്പി, അപേക്ഷാ ഫോമിൽ നൽകിയിട്ടുള്ള നിശ്ചിത വിലാസത്തിൽ ലഭിക്കണം. വിശദാംശങ്ങൾ സൈറ്റിൽ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!