ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ ഒഴിവാക്കാന്‍ ഗൂഗിള്‍; അക്കൗണ്ടുകള്‍ എങ്ങനെ നിലനിര്‍ത്താം

Share our post

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ മുതല്‍ ഗൂഗിള്‍ നീക്കം ചെയ്യും. കഴിഞ്ഞ മെയില്‍ പുതുക്കിയ ഗൂഗിള്‍ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസിയ്ക്ക് കീഴിലാണ് നടപടി. കുറഞ്ഞത് രണ്ട് വര്‍ഷക്കാലം സൈന്‍ ഇന്‍ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടുകളാണ് 2023 ഡിസംബറില്‍ കമ്പനി നീക്കം ചെയ്യുക. ജിമെയില്‍, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് അക്കൗണ്ടുകള്‍ ഇക്കൂട്ടത്തില്‍ പെടും.

അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെടുക എങ്ങനെ?

പേഴ്സണല്‍ ഗൂഗിള്‍ അക്കൗണ്ടുകളെയാണ് ഈ നടപടി ബാധിക്കുക. സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ജിമെയില്‍ അക്കൗണ്ടുകളെ ബാധിക്കില്ല. ഏറെ കാലം ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമല്ലെന്ന് ഗൂഗിള്‍ പറയുന്നു.

ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുക. അക്കൗണ്ട് നിര്‍മിച്ചതിന് ശേഷം ഒട്ടും ഉപയോഗിക്കാതെ കിടക്കുന്നവയാണ് അതില്‍ ആദ്യം ഒഴിവാക്കുക. നീക്കം ചെയ്യാന്‍ പോവുന്ന അക്കൗണ്ടുകളിലേക്ക് അക്കാര്യം അറിയിച്ചുകൊണ്ട് പല തവണ ഇമെയിലുകള്‍ അയക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. ഉപയോഗിക്കാത്ത അക്കൗണ്ടുകളിലേക്കും ആ അക്കൗണ്ടുമായി റിക്കവറി ഇമെയില്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിലേക്കും അറിയിപ്പ് ലഭിക്കും.

എങ്ങനെ അക്കൗണ്ടുകള്‍ നിലനിര്‍ത്താം

രണ്ട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യുക. ഇതേ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഗൂഗിളിന്റെ മറ്റ് സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇതോടെ അക്കൗണ്ട് സജീവമാണെന്ന് പരിഗണിക്കുകയും നടപടിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.

അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം എന്തിന്?

ഹാക്കര്‍മാരില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ശ്രമം എന്ന് ഗൂഗിള്‍ മേയില്‍ പങ്കുവെച്ച ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറയുന്നു. അത്തരം ജിമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക എളുപ്പമാണ്. പാസ് വേഡുകള്‍ മാറ്റിയിട്ടുണ്ടാവില്ല, ടൂഫാക്ടര്‍ ഒതന്റിക്കേഷനും മറ്റ് സുരക്ഷാ സംവിധാനങ്ങളും സെറ്റ് ചെയ്തിട്ടുണ്ടാവില്ല. മാത്രവുമല്ല സ്പാം സന്ദേശങ്ങള്‍ അയക്കുന്നതിനും മറ്റുമായി ഇത്തരം അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തിയേക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!