കണ്ണൂരിൽ വരുന്നു, ഫ്രീഡം പാർക്ക്

കണ്ണൂർ: നഗരത്തിലെ സ്വാതന്ത്ര്യ സമര സുവർണ ജൂബിലി സ്മാരകത്തിന് സമീപത്ത് ഫ്രീഡം സ്ക്വയർ പാർക്ക് ഒരുങ്ങുന്നു. കോർപറേഷൻ ജവഹർ സ്റ്റേഡിയത്തിന് പിൻവശത്തെ സുവർണ ജൂബിലി സ്മാരകത്തോടനുബന്ധിച്ചുള്ള മൂന്ന് സെന്റ് സ്ഥലത്താണ് പാർക്ക് ഒരുങ്ങുന്നത്.
ഇതിനായി പുല്ല് വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചു. 21 ലക്ഷം രൂപ ചെലവഴിച്ച് കോർപറേഷനാണ് ഇവിടെ മോടികൂട്ടുന്നത്. ഒരു മാസത്തിനകം നിർമാണം പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുല്ലുപിടിപ്പിച്ച ശേഷം ചുറ്റുമതിൽ നിർമിക്കും. ഏതാനും ഭാഗത്ത് ഇന്റർലോക്ക് പതിപ്പിക്കും. ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കും. 38 മീറ്റർ ചുറ്റളവിലാണ് മതിൽ നിർമിക്കുക. ഭാവിയിൽ ഇരിപ്പിടങ്ങളടക്കം സജ്ജീകരിക്കാനും പദ്ധതിയുണ്ട്. ‘ഐ ലവ് കണ്ണൂർ’ ലൈറ്റ് ബോർഡും ഫ്രീഡം പാർക്ക് എന്നെഴുതിയ ബോർഡും സ്ഥാപിക്കും. കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനരികിൽ ഒരുങ്ങുന്ന പാർക്ക് നാട്ടുകാരെയും സഞ്ചാരികളെയും ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ അധികൃതർ.
1997ൽ രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 50ാം വർഷത്തിലാണ് അന്നത്തെ മുനിസിപ്പൽ ഭരണകൂടം സുവർണ ജൂബിലി സ്മാരകം നിർമിച്ചത്. നഗരത്തിന്റെ തിരക്കുകളൊന്നുമില്ലാത്ത ഭാഗത്ത് അവഗണിക്കപ്പെട്ട നിലയിലായിരുന്നു സ്തൂപം. ഏറെക്കാലം സ്മാരകത്തിന് ചുറ്റും നാടോടികളുടെ വാസസ്ഥലമായിരുന്നു. ഇതിനടുത്തായാണ് കോർപറേഷന്റെ ബഹുനില കാർ പാർക്കിങ് കേന്ദ്രത്തിന്റെയും നിർമാണം നടക്കുന്നത്.