കയറാനാകില്ല നീണ്ടുനോക്കിയിലെ പൊതുശൗചാലയത്തിൽ

കൊട്ടിയൂർ : നീണ്ടുനോക്കി ബസ്‌സ്റ്റാൻഡ് പരിസരത്തെ പൊതു ശൗചാലയത്തിൽ കയറിയാൽ ശങ്ക തീർക്കാതെ ഓടേണ്ടിവരും. ശൗചാലയങ്ങൾ ഉപയോഗിക്കാൻപറ്റാത്ത രീതിയിൽ വൃത്തികേടായിക്കിടക്കുകയാണ്. രണ്ട് ശൗചാലയങ്ങൾ മാത്രമാണ് തുറന്നുകൊടുത്തിരിക്കുന്നത്.
2019-ൽ ഉദ്ഘാടനം നടത്തിയ പൊതു ശൗചാലയത്തിൽ വൈദ്യുതിപോലും എത്തിക്കാനായിട്ടില്ല. പലപ്പോഴും പൈപ്പിൽ വെള്ളം ഉണ്ടാകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ വാട്ടർ അതോറിറ്റിയുടെ കണക്‌ഷനാണ് ഉള്ളത്. കിണർകുത്തുന്നതിനുവേണ്ടിയും പഞ്ചായത്ത് പണം അനുവദിച്ചിട്ടുണ്ട്.
രണ്ട് ശൗചാലയങ്ങൾ ഒഴികെ ബാക്കിയെല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. പൂട്ടിയിട്ടിരിക്കുന്നതിനാൽ ടൗണിലെത്തുന്ന സ്ത്രീകളടക്കമുള്ളവർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. പൊതുജനങ്ങൾക്ക് ഉപയോഗിക്കാനല്ലെങ്കിൽ എന്തിനാണ് ലക്ഷങ്ങൾ മുടക്കി ശൗചാലയങ്ങൾ നിർമ്മിച്ചതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ഉള്ളത് 10 ശൗചാലയങ്ങൾ
കൊട്ടിയൂർ വൈശാഖോത്സവകാലത്ത് മാത്രമാണ് ശൗചാലയങ്ങൾ പൂർണമായും തുറന്നുകൊടുക്കുന്നത്. പത്ത് ശൗചാലയങ്ങളാണ് ഇവിടെയുള്ളത്. വർഷങ്ങളായി ബസുകൾ സ്റ്റാൻഡിൽ കയറാറില്ല. ടൗണിൽനിന്ന് ആളുകളെ കയറ്റി പോകുകയാണ് പതിവ്. ബസ്‌സ്റ്റാൻഡിനെ ആരും തിരിഞ്ഞുനോക്കാതായതോടെ ശൗചാലയത്തിന് സമീപത്തെ കാത്തിരിപ്പുകേന്ദ്രം സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറി. നിരവധി മദ്യക്കുപ്പികളാണ് കാത്തിരിപ്പുകേന്ദ്രത്തിൽ ചിതറിക്കിടക്കുന്നത്.