ഇരിട്ടി മാടത്തിയിലെ മത്സ്യമാർക്കറ്റിലെ കവർച്ച; പ്രതി അറസ്റ്റിൽ

ഇരിട്ടി : ഇരിട്ടിക്കടുത്ത് മാടത്തിയിൽ മത്സ്യമാർക്കറ്റിൽ നിന്ന് അരലക്ഷം രൂപ കവർന്ന കേസിൽ പ്രതി അറസ്റ്റിലായി. പേരാവൂർ തുണ്ടിയിലെ കൂരക്കനാൽ ഹൗസിലെ മത്തായി (65)യെ ആണ് ഇരിട്ടി പോലീസ് ഇൻസ്പെക്ടർ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ എൻ.വിപിൻ, റെജി സ്കറിയ, സിവിൽ പൊലിസ് ഓഫിസർ ഷിജോയി, ബിനിൽ, സി.പി.ഒ. ബിജു സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട സംഘം പിടികൂടിയത്.
രണ്ടാഴ്ചമുൻപാണ് മോഷണം നടന്നത്. മാടത്തിയിൽ ടൗണിലെ മത്സ്യമാർക്കറ്റിന്റെ പിൻഭാഗത്തെ ഗ്രില്ലിന്റെ വിജാഗിരി ഇളക്കിമാറ്റി ഉള്ളിൽ കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ കവരുകയായിരുന്നു. കടയുടമ കരീമിന്റെ പരാതിയിൽ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇയാൾ നിരവധി കവർച്ചക്കേസിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മത്തായിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.