അപകടത്തിലേക്ക് മിന്നൽ വേഗത്തിൽ

Share our post

പരിയാരം: നമ്പർ പ്ലേറ്റ് മറച്ചുവച്ചും അഴിച്ചുമാറ്റിയും ന്യൂജൻ ബൈക്കുകളിൽ കൗമാരക്കാരുടെയും യുവാക്കളുടെയും ‘മിന്നൽ കറക്കം’. ഹെൽമറ്റ് ധരിക്കാതെയും 3 പേർ കയറിയുമുള്ള യാത്രകളാണു കൂടുതലുമെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇത്തരം സംഭവങ്ങളിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളിൽ പലതിനും ആവശ്യമായ രേഖകളോ ഓടിച്ചവർക്ക് ലൈസൻസോ ഇല്ല. അപകടം പറ്റിയാൽ ഇൻഷുറൻസ് തുക ലഭിക്കുന്നതിനെ വരെ ഇതു ബാധിക്കും.

അമിത വേഗത്തിൽ പോകുന്ന ഇത്തരം ബൈക്കുകളിലുള്ള വട്ടംചുറ്റൽ വർധിച്ചതോടെ പൊലീസ് നടപടി കർക്കശമാക്കിയിട്ടുണ്ട്. പരിയാരം പൊലീസ് മാത്രം ഇരുപത്തഞ്ചോളം ഇത്തരം ‘മിന്നൽ ബൈക്കുകൾ’ പിടിച്ചെടുത്തു. കഴിഞ്ഞ 2 ദിവസങ്ങളിൽ പിടിയിലായത് 5 എണ്ണം.

കൂട്ടമായി കറക്കം

അവധി ദിവസങ്ങളിലും രാത്രിയിലും നമ്പർ പ്ലേറ്റ് മറ്റുള്ളവർക്കു തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ മാറ്റുകയാണു ചെയ്യുന്നത്. രണ്ടിലധികം യാത്രക്കാരുള്ളതും സൈലൻസർ കേടു വരുത്തി വലിയ ശബ്ദമുണ്ടാക്കിയുമാണു ന്യൂജൻ യുവാക്കളുടെ ചെത്തിപ്പറക്കൽ. റോഡ് ക്യാമറയിൽ പെട്ടാൽ പിടിക്കപ്പെടാതിരിക്കാനാണു നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നതും ചിലപ്പോൾ അഴിച്ചു മാറ്റുന്നതും. റോഡ് ക്യാമറകൾ വന്നതോടെ റോഡിലുള്ള മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധന കാര്യമായി കുറഞ്ഞതും ഇത്തരക്കാർക്കു ഗുണകരമായി.

നമ്പർ പ്ലേറ്റിന് മാസ്ക്

ബൈക്കിന്റെ നമ്പർ പ്ലേറ്റിനു കറുത്ത മാസ്കിടുന്നതു വ്യാപകമാണ്. കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട ബൈക്ക് പരിയാരം പൊലീസ് പരിശോധിച്ചപ്പോൾ മാസ്ക് ഉപയോഗിച്ചു നമ്പർ പ്ലേറ്റ് മറച്ചതായി കണ്ടത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ് ഈ ബൈക്ക് ഓടിച്ചത്.

വേഗം കൂടുമ്പോൾ മറയും

അമിതവേഗത്തിൽ പോകുമ്പോൾ നമ്പർ പ്ലേറ്റ് ക്യാമറയിൽ പതിയാതിരിക്കാനുള്ള സംവിധാനം ബൈക്കിൽ ഘടിപ്പിക്കുന്നതായും പരിയാരം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് ഹാൻഡിലിലെത്തുന്ന കേബിൾ വഴി, നമ്പർ പ്ലേറ്റ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുകയാണ്. വേഗം കുറയുമ്പോൾ, നമ്പർ പ്ലേറ്റ് യഥാസ്ഥാനത്തേക്കു താഴ്ത്തും.

പിഴ അടയ്ക്കാം, വണ്ടി താ

‘സാറെ , സാറു പറയുന്ന പിഴ അടയ്ക്കാം വേഗം വാഹനം വിട്ടു തരണം’. ട്രാഫിക് നിയമം തെറ്റിച്ചതിനു ബൈക്ക് പിടിച്ചാൽ പൊലീസുകാരോടുള്ള യുവാക്കളുടെ ആദ്യ പ്രതികരണമാണിത്. വീട്ടുകാരെ അറിയിക്കരുതെന്ന അഭ്യർഥനയുമുണ്ട്.

പിറകിൽ പൊലീസ് വരില്ലല്ലോ

ട്രാഫിക് നിയമം തെറ്റിക്കുന്നതുകണ്ടാലും അമിതവേഗത്തിലായാലും പിറകെ പൊലീസ് വരില്ലെന്ന തെറ്റിദ്ധാരണയുണ്ട് നിയമലംഘകർക്ക്.

‌ബൈക്ക് അപകടത്തിൽപ്പെട്ടാൽ പൊലീസുകാർ പഴി കേൾക്കേണ്ടി വരുന്നതിനാൽ, പിറകെ വരില്ലെന്നാണിവരുടെ വിശ്വാസം.

കവർച്ചകളിൽ പ്രതികളെ തിരിച്ചറിയുന്നതു റോഡ് ക്യാമറകളിലോ സിസിടിവിയിലോ പതിഞ്ഞ വാഹനത്തിന്റെ ദൃശ്യങ്ങളിൽ നിന്നു കൂടിയാണ്. നമ്പർ പ്ലേറ്റ് മറക്കുന്നതും മാറ്റുന്നതും ചെറിയ തലവേദനയല്ല, പൊലീസിനുണ്ടാക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!