ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: വിളിച്ചത് പാരിപ്പള്ളിയിൽ നിന്ന്; വ്യാപക അലര്‍ട്ട്

Share our post

കൊല്ലം : കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വ്യാപക അലർട്ട് നൽകി പൊലീസ്. മോചന ദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പാരിപ്പള്ളിയിൽ നിന്നാണെന്ന് കണ്ടെത്തി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ വിളിച്ചത് പാരിപ്പള്ളിയിൽ നിന്നാണെന്ന് കണ്ടെത്തിയത്. കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് കുട്ടിയുടെ അമ്മയുടെ നമ്പരിലേക്ക് ഒരു സ്ത്രീ വിളിച്ചത്. നമ്പര്‍ വീട്ടുകാര്‍ പൊലീസിന് കൈമാറിയിരുന്നു.

അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകൂ’ എന്നായിരുന്നു ഫോണില്‍ വിളിച്ച ആൾ പറഞ്ഞത്. ഒരു സ്ത്രീയാണ് ഫോണിൽ വിളിച്ചതെന്ന് കുട്ടിയുടെ വീട്ടുകാർ പറഞ്ഞു. പാരിപ്പള്ളിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നാണ് കോൾ വന്നത്. ഓട്ടോയിലെത്തിയ സ്ത്രീയും പുരുഷനും കടയിലെ സ്ത്രീയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം ഇവർ ഓട്ടോയിൽ തന്നെ മടങ്ങി. കടയിൽ നിന്ന് ഭക്ഷണ സാധനങ്ങളും വാങ്ങിയിരുന്നു.

ഇതോടെ അതിര്‍ത്തികളിലും റയില്‍വേ സ്റ്റേഷനുകളിലും പരിശോധന വ്യാപിപ്പിച്ചു. കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പൊലീസ് വ്യക്തമാക്കി.

ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ റജിയുടെ മകൾ അബി​ഗേൽ സാറ റെജിയെയാണ്‌ കാറിലെത്തിയ സംഘം വൈകിട്ടോടെ തട്ടിക്കൊണ്ടു പോയത്​. ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു പെൺകുട്ടി. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ പിടിച്ചിഴച്ച്‌ കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി. തുടർന്ന് പൂയപ്പള്ളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അമ്മയ്ക്ക് നൽകാൻ ഒരു ​പേപ്പർ ഉണ്ടെന്ന് പറഞ്ഞ് നീട്ടിയ ശേഷമാണ് കാറിനകത്തേക്ക് പിടിച്ചിട്ടതെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. രണ്ടുദിവസമായി വീടിന്റെ സമീപ പ്രദേശത്ത്‌ വെളുത്ത കാർ കണ്ടതായി അബിഗേലും സഹോദരൻ ജൊനാഥനും വീട്ടുകാരോട്‌ പറഞ്ഞിരുന്നു. എന്നാൽ, വീട്ടുകാർ അത്‌ കാര്യമാക്കിയിരുന്നില്ല. ആരുമായും ശത്രുതയിലെന്നും ബന്ധുക്കൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!