കാർഷിക കടം തിരിച്ചടച്ചില്ല: കരുവഞ്ചാലിൽ ബാങ്ക് മാനേജർ യുവാവിനെ മർദിച്ചു

കണ്ണൂർ: കരുവഞ്ചാലിൽ കാർഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്ക് മാനേജരിന്റെ നേതൃത്വത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു. മൂക്കിന് ഗുരുതര പരിക്കേറ്റ യുവാവ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കരുവഞ്ചാൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജരാണ് വായാട്ടുപറമ്പിലെ റോബി ജേക്കബ് എന്ന യുവാവിനെ മർദ്ദിച്ചത്. സ്വന്തം വീട്ടുമുറ്റത്ത് വച്ചാണ് യുവാവിന് മർദ്ദനമേറ്റത്.
സംഭവത്തെക്കുറിച്ച് റോബിൻ പറയുന്നത്… ഡിസംബർ അഞ്ചിനാണ് ലോണിന്റെ കാലാവധി തീരുന്നത്. ഇത് ബാങ്ക് മാനേജരെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ഇതുപ്രകാരം രണ്ടുദിവസത്തിനുള്ളിൽ ലോൺ പുതുക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിച്ചു കൊള്ളാമെന്നും പറഞ്ഞിരുന്നു.
എന്നാൽ, തിങ്കളാഴ്ച വൈകുന്നേരം ബാങ്ക് മാനേജർ വീട്ടിലെത്തി. മറ്റൊരു സ്ഥലത്തുണ്ടായിരുന്ന തന്നെ ഫോണിൽ വിളിച്ച് മുങ്ങി നടക്കാതെ വീട്ടിൽ എത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉടനെ വീട്ടിലെത്തി.
അവിടെവച്ച് പ്രായമായ അമ്മയുടെയും കുടുംബാംഗങ്ങളുടെയും മുന്നിൽ വച്ച് വളരെ മോശമായ രീതിയിൽ പെരുമാറുകയും തുടർന്നുണ്ടായ വാക്കേറ്റത്തിൽ ക്രൂരമായി മർദിക്കുകയും ചെയ്തു. മൂക്കിൽ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെവച്ച് ഗുരുതരമാണെന്ന് പറഞ്ഞതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കാർഷിക കടങ്ങളുടെ തിരിച്ചടവ് മുടങ്ങുന്നതിനെ നിയമപരമായി നേരിടുന്നതിനു പകരം ഇത്തരത്തിൽ കായികമായി നേരിടുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.
കരുവഞ്ചാൽ എസ്ഐബി ബാങ്ക് ഉപരോധിച്ചു
കാർഷിക ലോണിന്റെ പേരിൽ യുവാവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് കരുവഞ്ചാൽ ലീഡേഴ്സ് ക്ലബിന്റെയും കരുവഞ്ചാൽ ലയൺസ് ക്ലബിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ഉപരോധിച്ചു.
ലോൺ തിരിച്ചടക്കാൻ ദിവസങ്ങൾ ബാക്കിയുണ്ടായിട്ടും റോബിൻ ജേക്കബിനോട് ബാങ്ക് മാനേജർ വളരെ മോശമായ രീതിയിൽ പെരുമാറുകയും വീട്ടിലെത്തി ക്രൂരമായി മർദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ബാങ്കിനു മുന്നിൽ ഉപരോധം ഏർപ്പെടുത്തിയത്.
ഉപരോധം ജോജോ പുളിയൻമാക്കൽ ഉദ്ഘാടനം ചെയ്തു. ടി.വി.ജോൺ, ഡോ. കെ.എം. തോമസ്, ഷാജി വൈദ്യർ, സെബാസ്റ്റ്യൻ കാഞ്ഞിരങ്ങാട്ട്, നെൽസൺ സ്കറിയ, ഡെന്നിസ് വാഴപ്പള്ളി, ജോബി വാഴക്കാല എന്നിവർ സംസാരിച്ചു.