ക്ഷീരകർഷകന്റെ ആത്മഹത്യ; കേരള ബാങ്കിനെതിരെ വ്യാജപ്രചരണമെന്ന് ബാങ്കധികൃതർ
പേരാവൂർ: ക്ഷീര കർഷകൻ കൊളക്കാടിലെ എം.ആർ. ആൽബർട്ടിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള ബാങ്കിനെതിരെ ചിലർ കള്ളപ്രചരണം നടത്തുകയാണെന്ന് ബാങ്കധികൃതർ അറിയിച്ചു.
ആൽബർട്ടിന്റെ പേരിൽ കേരള ബാങ്കിൽ ലോണുകളൊന്നുമില്ല. ആൽബർട്ടിന്റെ ഭാര്യ വത്സയുൾപ്പെടെയുള്ള ജെ.എൽ.ജി ഗ്രൂപ്പിന് നൽകിയ വായ്പ അടക്കാത്തതിനാൽ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും റവന്യൂ റിക്കവറി നോട്ടീസ് നൽകുന്നതിന് മുന്നേ ശാഖയിൽ നിന്നും കത്തയച്ചിരുന്നു. അല്ലാതെ, കേരള ബാങ്കിന്റെ ഭാഗത്തു നിന്ന് യാതൊരു ജപ്തി നടപടിയും ഭീഷണിയും ഉണ്ടായിട്ടില്ല.
അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് മൂന്നര ലക്ഷം രൂപയാണ് ലോൺ നൽകിയത്. ഇതുവരെ അടച്ചത് കഴിഞ്ഞ് നിലവിൽ ബാക്കി അടക്കാനുള്ളത് 2,02,040 രൂപയാണ്. ഒരാൾക്ക് 40,408 രൂപ മാത്രമാണ് അടക്കേണ്ടിവരിക. ഈ തുക അടക്കാനാണ് നോട്ടീസ് നൽകിയത്. വസ്തുത ഇതായിരിക്കെ കർഷകന്റെ ആത്മഹത്യക്ക് കാരണം കേരള ബാങ്കാണെന്ന പ്രചരണം തെറ്റാണെന്ന് ബാങ്കധികൃതർ പറയുന്നു.
എന്നാൽ, നിർധനനായ ആൽബർട്ട് പശുക്കളെ വാങ്ങാൻ ഈടില്ലാത്ത വായ്പ ലഭിക്കാനാണ് അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന്റെ പേരിൽ ലോണെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞു. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോൾ ഗ്രൂപ്പിലെ മറ്റംഗങ്ങൾക്ക് കൂടി നോട്ടീസ് വരികയും ലോൺ അടക്കേണ്ട അവസാന തീയതിക്ക് മുൻപാകെ പണമുണ്ടാക്കാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യുകയുമാണെന്നും ബന്ധുക്കൾ പറയുന്നു.