പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം ദേശീയ ജല പൈതൃക പട്ടികയിൽ

Share our post

പെരളശ്ശേരി: കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയിലെ 75 ജല പൈതൃക പട്ടികയിൽ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളവും ഉൾപ്പെട്ടു. കേരളത്തിൽ നിന്ന് രണ്ടെണ്ണം മാത്രമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 1500 വർഷം മുമ്പ് നിർമിച്ച ഈ ക്ഷേത്രക്കുളം സ്റ്റെപ്പ് വെൽ ഗണത്തിലാണ് പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന പടിക്കെട്ടുകളോടുകൂടിയ കിണറുകളുടെ രൂപത്തിൽ 62 സെന്റിൽ 19 മീറ്റർ ഉയരത്തിലാണ് കുളം നിർമിച്ചിരിക്കുന്നത്.

ക്ഷേത്രക്കുളത്തിന്റെ സവിശേഷവും സങ്കീർണവുമായ വാസ്തുവിദ്യാ ശൈലി പ്രതിഫലിപ്പിക്കുന്ന പടികളാണ് ഏറെ ആകർഷണം. അയണിവയൽ കുളം എന്നറിയപ്പെടുന്ന കുളം 2001ൽ നവീകരിച്ചു. അഞ്ചരക്കണ്ടി നദിയുടെ തീരത്താണ് മനോഹരമായ പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിരവധി സിനിമകളിലും ആൽബങ്ങളിലും ഈ കുളം ഇടം പിടിച്ചിട്ടുണ്ട്.

എറണാകുളത്തെ കേരള ജലപാതയാണ് സംസ്ഥാനത്ത് നിന്നുൾപ്പെട്ട മറ്റൊരു ജല പൈതൃക കേന്ദ്രം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചരിത്രപരമായി പ്രാധാന്യമുള്ള ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന് ജലശക്തി മന്ത്രാലയം 75 ജല പൈതൃക പട്ടിക തെരഞ്ഞെടുത്തത്. 421 നോമിനേഷനുകൾ ലഭിച്ചു. 100 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ടാങ്കുകൾ, കിണറുകൾ, സ്റ്റെപ്പ് കിണറുകൾ, കനാലുകൾ, ജലസംഭരണികൾ, വാട്ടർ മില്ലുകൾ, റിസർവോയറുകൾ എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!