മാട്ടറയിൽ പുതിയ പാലം: ‘വെള്ളത്തിലൊഴുകി’ വാഗ്ദാനങ്ങൾ

Share our post

ഉളിക്കൽ : മാട്ടറ പാലം ഉയരം കൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം പ്രഖ്യാപനത്തിലൊതുങ്ങി. 15 വർഷം മുൻപ് സ്ഥാപിച്ച പാലത്തിന് ഉയരം വളരെ കുറവാണ്. ഇതുകാരണം മഴക്കാലത്ത് മിക്ക ദിവസവും പാലം വെള്ളത്തിനടിയിലായിരിക്കും. വാഹനഗതാഗതം ദിവസങ്ങളോളം നിലയ്ക്കും.

പാലം കടന്നാൽ മാട്ടറയിൽനിന്നും എളുപ്പം പീടികക്കുന്ന് വഴി മണിക്കടവിലേക്ക് എത്താനാകും. വെള്ളം കയറിയാൽ അഞ്ചുകിലോമീറ്റളോളം ചുറ്റിസഞ്ചരിച്ചാണ് വട്ട്യാംതോട് വഴി നാട്ടുകാർ സഞ്ചരിക്കുന്നത്. മഴക്കാലത്ത് കർണാടക വനമേഖലയിൽനിന്ന് ഉൾപ്പെടെ ശക്തമായ വെള്ളം ഒഴുകിയെത്തുന്ന പുഴയാണിത്.

ഇവിടെ പുതിയ പാലം നിർമിക്കുന്നതിന് പത്തുവർഷം മുൻപ് സർവേ നടത്തി കല്ല് സ്ഥാപിച്ചിരുന്നു. എന്നാൽ, തുടർ നടപടികൾ കടലാസിലൊതുങ്ങി. പാലത്തിന്‌ കൈവരിയില്ല. ഇതുകാരണം ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. പാലത്തിൽ കൂടുതൽ വെള്ളം ഉയരാത്ത അവസരത്തിൽ പലരും കാൽനടയാത്രയ്ക്കും വാഹന ഗതാഗതത്തിനും ശ്രമിക്കുന്നത് അപകടത്തിന് വഴിയൊരുക്കാറുണ്ട്.

മണിക്കടവ്, കാഞ്ഞിരക്കൊല്ലി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരത്തടിയും പാറക്കല്ലും വന്നിടിച്ച് പാലത്തിന്റെ തൂണിനും ബലക്ഷയമുണ്ടായി. രണ്ടുവർഷം മുൻപ് പാലത്തിൽനിന്നും ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. അന്ന് സ്ഥലത്തെത്തിയ കെ.സി.ജോസഫ് എം.എൽ.എ.യും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പാലം അടിയന്തരമായി നിർമിക്കുന്നതിന് നടപടിയുണ്ടാകുമെന്ന് നാട്ടുകാർക്ക് നൽകിയ ഉറപ്പ് പാഴ്‌വാക്കായി. ‌


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!