കൗമാരക്കാരായ പെൺകുട്ടികളിലും സ്ത്രീകളിലും വിളർച്ച വ്യാപകം; എങ്ങനെ തടയാം?

കണ്ണൂർ: കൗമാരക്കാരായ പെൺകുട്ടികളിലും സ്ത്രീകളിലും വിളർച്ച വ്യാപകം. ജില്ലയിൽ 15 മുതൽ 59 വയസ്സുവരെയുള്ള ഒരു ലക്ഷം സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 30 ശതമാനം പേർക്ക് വിളർച്ച കണ്ടെത്തി. വിളർച്ച കണ്ടെത്തി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന വിവ (വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്) പദ്ധതിയുടെ ഭാഗമായിട്ടാണ് സ്‌ക്രീനിങ് നടത്തിയത്.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചാണ് വിളർച്ച കണ്ടെത്തുന്നത്. ഹിമോഗ്ലോബിൻ സ്ത്രീകളിൽ വേണ്ടത് 12 മുതൽ 15 ഗ്രാം വരെ. പുരുഷന്മാരിൽ 13 മുതൽ 17 വരെ.
കുട്ടികളിൽ 11 മുതൽ 16 ഗ്രാം വരെ. ഗർഭിണികളിൽ കുറഞ്ഞത് 11 ഗ്രാം വരെ. ഇതിൽ കുറവാണ് ഹീമോഗ്ലോബിനെങ്കിൽ വിളർച്ച ഉള്ളതായി കണക്കാക്കാം.
ഇലക്കറികൾ നല്ലതാണ്
ഇരുമ്പുസത്തും വൈറ്റമിനുകളും കൂടുതൽ അടങ്ങിയ മുരിങ്ങയില, ചീര, പയർ ഇല, അഗത്തിച്ചീര തുടങ്ങിയ പച്ചക്കറി, തവിടോട് കൂടിയ ധാന്യങ്ങൾ, മുളപ്പിച്ച കടല, പയറുവർഗങ്ങൾ എന്നിവയിൽ ഇരുമ്പ് സത്തും വൈറ്റമിനുകളും കൂടുതലുണ്ട്. മാംസം, മത്സ്യം, കോഴി, കരൾ തുടങ്ങിയവയിലും ഇരുമ്പ് കൂടുതലുണ്ട്.
ശ്രദ്ധിക്കേണ്ടത്
ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ ചായയും കാപ്പിയും ഒഴിവാക്കുക. ഇത് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ലക്ഷണങ്ങൾ
ക്ഷീണം, തളർച്ച, ശ്വാസംമുട്ടൽ, നെഞ്ചുവേദന, തലവേദന.
എങ്ങനെ തടയാം?
- ഇരുമ്പുസത്തും വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുക.
- ഗർഭകാലത്ത് അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുക.
- കൗമാരുപ്രായക്കാർ അയൺ ഫോളിക് ആസിഡ് ഗുളിക ആഴ്ചയിൽ ഒന്നുവീതം ഭക്ഷണത്തിനുശേഷം കഴിക്കുക.
- ആറുമാസത്തിലൊരിക്കൽ വിരശല്യത്തിനെതിരേയുള്ള ഗുളിക കഴിക്കുക.
- വീടിന് പുറത്തിറങ്ങുമ്പോൾ പാദരക്ഷ ഉപയോഗിക്കുക.
- ടോയ്ലറ്റിൽ പോയശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.