ഡിസംബര്‍ ഒന്ന് മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം; നടപടികള്‍ ഇങ്ങനെ

Share our post

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഡിസംബര്‍ ഒന്ന് മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വില്‍പ്പനയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

സിം ഡീലര്‍ പരിശോധന : ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും സര്‍ക്കാര്‍ പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കും. സിം വില്‍ക്കുന്നതിനുള്ള രജിസ്ട്രേഷന് പോലീസ് വെരിഫിക്കേഷൻ ഉറപ്പാക്കേണ്ടത് ടെലിക്കോം കമ്പനികളുടെ ഉത്തരവാദിത്തമാണ്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മാര്‍ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തും.

ബള്‍ക്ക് സിം കാര്‍ഡ് വിതരണം : പുതിയ നിയമങ്ങള്‍ പ്രകാരം സിം കാര്‍ഡുകള്‍ ബള്‍ക്ക് ഇഷ്യു ചെയ്യുന്നത് തടയും. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികള്‍ക്ക് സിം കാര്‍ഡുകള്‍ ബള്‍ക്കായി സ്വന്തമാക്കാൻ കഴിയൂ. എങ്കിലും ഉപയോക്താക്കള്‍ക്ക് പഴയതുപോലെ ഒരു ഐ.ഡി.യില്‍ ഒൻപത് സിം കാര്‍ഡുകള്‍ വരെ ലഭിക്കും.

ഡെമോഗ്രാഫിക് ഡാറ്റ ശേഖരണം : നിലവിലുള്ള നമ്പറുകള്‍ക്കായി സിം കാര്‍ഡുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആധാര്‍ സ്കാനിംഗും ഡെമോഗ്രാഫിക് ഡാറ്റ ശേഖരണവും നിര്‍ബന്ധമാക്കും.

സിം കാര്‍ഡ് ഡീആക്ടിവേറ്റ് ചെയ്യല്‍ : പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു സിം കാര്‍ഡ് ഡീആക്ടീവ് ചെയ്ത് 90 ദിവസത്തെ കാലയളവിന് ശേഷം മാത്രമേ ആ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കൂ.

പിഴ : പുതിയ നിയമങ്ങള്‍ പ്രകാരം സിം വില്‍ക്കുന്ന ഡീലര്‍മാര്‍ നവംബര്‍ 30-നകം രജിസ്റ്റര്‍ ചെയ്യണം. നിയമ ലംഘനം നടത്തിയാല്‍ പത്ത് ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ നടപടികള്‍ വിജയിച്ചാല്‍ രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!