ചെങ്കല്‍പാറപ്പരപ്പുകളിൽ നഷ്ടമാകുന്ന സസ്യ വൈവിധ്യം; പ്രതീക്ഷ നല്‍കുന്ന കണ്ണൂരിലെ കണ്ടെത്തല്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സസ്യ വൈവിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ. ഫിബ്രിസ്‌റ്റൈലിസ് ജീനസില്‍പ്പെട്ട പുതിയ സസ്യത്തിന്റെ കണ്ടെത്തൽ ശുഭസൂചനയാണ് നൽകുന്നതെന്ന് വിദഗ്ധർ പറയുന്നു. മാത്തിലിനടുത്ത് ചൂരല്‍ പ്രദേശത്തോടുചേര്‍ന്ന് കണ്ണാംകുളത്താണ് ‘ഫിബ്രിസ്‌റ്റൈലിസ് ജലീലിയാന’ എന്ന് നാമകരണം ചെയ്ത സസ്യത്തിന്റെ സാന്നിധ്യം ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പ്രമുഖ സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞനായ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മുന്‍ ബോട്ടണി പ്രൊഫസര്‍ അന്തരിച്ച ഡോ. അബ്ദുല്‍ ജലീലിനോടുള്ള ആദരസൂചകമായാണ് സസ്യത്തിന് ‘ഫിബ്രിസ്‌റ്റൈലിസ് ജലീലിയാന’യെന്ന് പേര് നല്‍കിയത്. ചേന, ചേമ്പ് തുടങ്ങിയ സസ്യവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയ ആള്‍ കൂടിയായിരുന്നു ഡോ.അബ്ദുല്‍ ജലീല്‍.
ചെങ്കല്‍പാറപ്പരപ്പിലെ സസ്യജാലങ്ങളെ കുറിച്ച് ദീര്‍ഘനാളുകളായി വിവിധ സംഘടനകളിലെ ഗവേഷകർ ഒരുമിച്ച് പഠനങ്ങള്‍ നടത്തി വരികയായിരുന്നു. തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും ഇതിന്റെ ഭാഗമാണ്.
സസ്യ വൈവിധ്യം ധാരാളമുള്ള മേഖല കൂടിയാണ് ചെങ്കല്‍പാറകള്‍. ഇവിടുത്തെ ജൈവൈവിധ്യത്തെ കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ലെന്നും ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്ന 70 ശതമാനം സസ്യങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കൂടുതലായി ചെങ്കല്‍പാറകളുള്ളത്.
2017-ലാണ് കണ്ണൂരില്‍ ‘ഫിബ്രിസ്‌റ്റൈലിസ് ജലീലിയാന’ എന്ന സസ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിരന്തരം ഗവേഷക സംഘം ഈ സസ്യത്തെ നിരീക്ഷണവിധേയമാക്കി. മണ്ണിലൂടെ പടര്‍ന്നുവളരുന്ന തണ്ടുകളും നീളമുള്ള പൂങ്കുലകളും ഈ സസ്യത്തെ ഫിബ്രിസ്റ്റൈലിസ് ഇനങ്ങളില്‍പ്പെട്ട മറ്റുചെടികളില്‍ നിന്ന് ഫിബ്രിസ്‌റ്റൈലിസ് ജലീലിയാനയെ വേറിട്ടതാക്കുന്നു.
അന്താരാഷ്ട്ര സസ്യജേണലായ ‘ഫൈറ്റോടാക്‌സ’യ്ക്ക് 2019-ലാണ് ഗവേഷക സംഘം പഠനം സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് ഈ മാസമാണ് (2023 നവംബര്‍) പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മറ്റേത് സസ്യമേഖലയിലുളളത് പോലെ തന്നെ ഇവിടെയും ജീവജാലങ്ങളുണ്ടാകാമെന്നും ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷക സംഘത്തിലെ അംഗമായ പയ്യന്നൂര്‍ കോളേജ് ബോട്ടണി അസി.പ്രൊഫ.ഡോ.രതീഷ് നാരായണന്‍ പറയുന്നു. മാലിയങ്കര എസ്.എന്‍. കോളേജ് പ്രൊഫസര്‍മാരായ ഡോ. എന്‍.സുനില്‍, ഡോ. എം.ജി.സുനില്‍കുമാര്‍, എം.എസ്.സിമി, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞരായ ഡോ. ടി.ഷാജു, ഡോ. റിജുരാജ് എന്നിവരും പഠനത്തിന്റെ ഭാഗമായി.