മാലിന്യം തള്ളിയാൽ ഇനി ക്യാമറ പിടിക്കും

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് തടയാൻ സ്ഥാപിക്കുന്ന 90 ക്യാമറകൾ ഉൾക്കൊള്ളുന്ന പുതിയ സംവിധാനം ഡിസംബർ രണ്ടിന് പ്രവർത്തനം തുടങ്ങും.
രാവിലെ 9.30-ന് കോർപ്പറേഷൻ ഒാഫീസിൽ ഉദ്ഘാടനംചെയ്യും. കോർപ്പറേഷൻ ഒാഫീസിലാണ് ഇതിന്റെ നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തിക്കുക. ഇവിടെയിരുന്ന് മാലിന്യവുമായി വരുന്നവരെ നിരീക്ഷിക്കാനാകും.
മാലിന്യം പതിവായി കൊണ്ടുതള്ളുന്ന കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്.
പലതവണ നടപടി ഉണ്ടായിട്ടും ചിലയിടങ്ങളിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാതെയിരുന്നതോടെയാണ് കോർപ്പറേഷൻ പുതിയ മാർഗം തേടിയത്.
പണി പൂർത്തിയായി
ക്യാമറാ സംവിധാനത്തിന്റെ പ്രവൃത്തി പൂർത്തിയായി. വിവിധ സ്ഥലങ്ങളിൽ ഇരുമ്പുതൂണിൽ സോളാർ പാനലും ബാറ്ററിയും ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയുടെ പ്രവൃത്തിയാണ് നടന്നത്.
കണ്ണൂർ എൻജിനിയറിങ് കോളേജിന്റെ സാങ്കേതിക സഹായത്തോടെയാണ് കോർപ്പറേഷനിലെ മുഴുവൻ സ്ഥലങ്ങളും ബന്ധപ്പെടുത്തിയുള്ള പദ്ധതി നടപ്പാക്കുന്നത്.
എല്ലാ ഡിവിഷനിലും മാലിന്യം തള്ളുന്ന പ്രധാന കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. ഇന്റർനെറ്റ് സഹായമില്ലാതെ കേരള വിഷന്റെ നിലവിലുള്ള കേബിൾ ശൃംഖലയും അഞ്ച് ജി.എച്ച്.ഇസഡ്. റേഡിയോ ഫ്രീക്വൻസി വയർലെസ് സാങ്കേതിക വിദ്യയും ചേർന്ന ഹൈബ്രിഡ് പദ്ധതിയാണിത്.
മലയോരം, പുഴയോരം, റോഡ്, ഓഫീസുകൾ തുടങ്ങി എവിടെയും ആവശ്യാനുസരണം ക്യാമറകൾ സ്ഥാപിക്കാനും ദൃശ്യങ്ങൾ സൂക്ഷിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. സി ഫോർ എസ് എന്ന സ്ഥാപനമാണ് പ്രവർത്തനം ഏറ്റെടുത്തത്.