റോഡ് ഗതാഗതയോഗ്യമല്ല; രാമച്ചി കോളനിയിൽ ദുരിത ജീവിതം

അടയ്ക്കാത്തോട്: റോഡ് ഗതാഗതയോഗ്യമല്ലാത്തതുമൂലം വര്‍ഷങ്ങളായി ദുരതത്തില്‍ കഴിയുകയാണ് കേളകം പഞ്ചായത്തിലെ രാമച്ചി പണിയ കോളനിയിലെ പത്തോളം കുടുംബങ്ങള്‍.നിലവിലുളള രാമച്ചി – കരിയംകാപ്പ് റോഡ് ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ ഗതാഗതയോഗ്യമാക്കിയാല്‍ തങ്ങളുടെ ദുരിതത്തിന് അറുതിയാകുമെന്നാണ് ഇവര്‍ പറയുന്നത്.
രാമച്ചിയിലെ പണിയ കോളനിയിലേക്ക് എത്താന്‍ അടയ്ക്കാത്തോട് – ശാന്തിഗിരി വഴി രാമച്ചിയിലുളള അംഗന്‍വാടിക്ക് സമീപത്തൂ കൂടി മറ്റൊരു വഴിയുണ്ട്. എന്നാല്‍ ഇത് കുത്തനെയുളള വലിയ ഇറക്കമുളള റോഡാണ്.കുറച്ചു ഭാഗം കല്ലും മണ്ണും മാത്രമുളള ഓഫ് റോഡാണ്. ദുരക്കൂടുതലുമാണ് ഈ വഴി. കോളനിയിലേക്ക് കുത്തനെയുളള ഇറക്കവും റോഡ് ഗതാഗതയോഗ്യമല്ലാത്തതും കാരണം ഒരു വണ്ടി വിളിച്ചാല്‍ പോലും വരില്ലെന്നാണ് കോളനിയില്‍ ഉളളവര്‍ പറയുന്നത്.
കുത്തനെയുളള ഇറക്കത്തിന് സമീപം വരെയെ വണ്ടികള്‍ വരുകയുളളൂവെന്നും ഇവര്‍ പറയുന്നു. വണ്ടികള്‍ കോളനി വരെ വരാത്തതുമൂലം കോളനിക്കാര്‍ നാളുകളായി അനുഭവിക്കുന്നത് വലിയ ദുരിതമാണ്.രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വിളിച്ചാല്‍ പോലും വാഹനങ്ങള്‍ കോളനിയിലേക്ക് വരില്ല. വണ്ടികള്‍ വരുന്ന സ്ഥലം വരെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ചുമന്നാണ് ഏതാനും ദിവസം മുമ്പ് ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് കോളനിയില്‍ ഉളളവര്‍ പറഞ്ഞു. സ്ഥിരമായി രോഗികളെ ചുമന്നാണ് വാഹനങ്ങള്‍ എത്തുന്നിടം വരെ കൊണ്ടുപോകുന്നത്.
രാമച്ചി – കരിയംകാപ്പ് റോഡാണ് തങ്ങള്‍ക്ക് എളുപ്പവും ആ റോഡാണ് തങ്ങള്‍ക്ക് വേണ്ടതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെടുന്നതാണ്. നിലവില്‍ ഒരു മണ്‍ റോഡ് മാത്രമാണ് ഇതുവഴിയുളളത്.ഇത് ഗതാഗതയോഗ്യമാക്കിയാല്‍ അടയ്ക്കാത്തോട് ടൗണിലേക്ക് ഇവര്‍ക്ക് എളുപ്പം എത്താം.
രാമച്ചിലെ അംഗന്‍വാടിക്ക് സമീപം വരെ വരാന്‍ തന്നെ വന്‍ തുക ഓട്ടോയ്ക്ക് നല്‍കേണ്ടി വരുന്നതിനാല്‍ ആനയും പുലിയും ഇറങ്ങുന്ന രാമച്ചി – കരിയംകാപ്പ് വഴിയിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായിയാണ് കോളനിയില്‍ ഉളളവര്‍ പോകുന്നത്.നിരന്തരം മാവോവാദികള്‍ എത്തുന്ന പ്രദേശം കൂടിയാണ് രാമച്ചി. അതിന് പുറമേ വന്യജീവി ശല്യവും. രാമച്ചിയില്‍ നിന്ന് കരിയംകാപ്പിലേക്കുളള വഴി ഗതാഗതയോഗ്യമാക്കിയാല്‍ ഓട്ടോ അടക്കമുളള വാഹനങ്ങള്‍ കോളനിയില്‍ എത്തും.വര്‍ഷങ്ങളായിയുളള കോളനി നിവാസികളുടെ ദുരിതത്തിനും പരിഹാരമാകും.