സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ സുരക്ഷ; പൂര്‍ണ ഉത്തരവാദിത്വം ഇനി അന്വേഷണ ഉദ്യോഗസ്ഥന്

Share our post

തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നൽകുന്നത് നിർബന്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി. സുപ്രീംകോടതി നിർദേശപ്രകാരമാണ് പത്ത് വർഷംമുമ്പ് നിലവിൽവന്ന മാർഗനിർദേശങ്ങൾ പുതുക്കി സർക്കുലർ ഇറക്കിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ നൽകുന്ന നോട്ടീസിന് കൈപ്പറ്റ് രസീത് വാങ്ങണം. സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂർണസുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വവുമാക്കി.

ക്രിമിനൽനടപടി ചട്ടപ്രകാരം കോടതി അനുമതിയില്ലാതെ അറസ്റ്റുചെയ്യാൻ പോലീസിന് അധികാരമുണ്ട്. ഇതുമായിബന്ധപ്പെട്ട നടപടിക്രമങ്ങൾ സുപ്രീംകോടതി നിർദേശപ്രകാരം 2011-ൽ സംസ്ഥാന പോലീസ് പുറപ്പെടുവിച്ചിരുന്നു.

അതിനുശേഷം ഡൽഹി ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിൽ വന്ന വിവിധ കേസുകളുടെ വിധിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി സർക്കുലർ ഇറക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് അറസ്റ്റ്, ചോദ്യംചെയ്യൽ, അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ ഹാജരാക്കൽ, സാക്ഷിയായി വിളിപ്പിക്കൽ എന്നിവയ്ക്ക് പ്രത്യേക മാതൃകയിലുള്ള നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്.

സ്റ്റേഷൻ പ്രവർത്തനം സംബന്ധിച്ച നിർദേശങ്ങൾ

കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽത്തന്നെ തങ്ങളുടെ പ്രവർത്തനം നിർവഹിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ എസ്.എച്ച്.ഒയ്ക്ക് നൽകുന്ന ബുക്ക്‌ലെറ്റുകൾ അന്വേഷണം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് സമർപ്പിച്ചശേഷം മൂന്നുവർഷംവരെ സൂക്ഷിക്കണം.

പുതുക്കിയ നിർദേശങ്ങൾ

* ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റുരേഖപ്പെടുത്താനുണ്ടെങ്കിൽ അയാൾക്ക് നോട്ടീസ് നൽകി ഹാജരാകാൻ നിർദേശിക്കാം. അയാൾ അത് പാലിച്ചില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരം കോടതി ഉത്തരവുകൾക്ക് വിധേയമായി അറസ്റ്റുചെയ്യാം.

* കേസുമായിബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നിശ്ചിതമാതൃകയിലുള്ള നോട്ടീസ് നൽകണം.

* സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്. താമസസ്ഥലത്തെത്തിമാത്രമേ ചോദ്യം  ചെയ്യുകയോ വിവരങ്ങൾ ആരായുകയോ ചെയ്യാവൂ. വനിതാ പോലീസിൻ്റെയും സ്ത്രീയുടെ മറ്റു കുടുംബാംഗങ്ങളുടെയും സാന്നിധ്യംവേണം.

* 65 വയസ്സിന് മുകളിലുള്ളവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!