‘പരാതി പുസ്തകം’; ഉപഭോക്താക്കളിലേക്ക് വാട്‌സാപ്പില്‍ പാലമിട്ട് കെ.എസ്.ഇ.ബി ചാലോട് സെക്ഷന്‍

കണ്ണൂർ: “നിടുകുളം ഭാഗത്ത് കറന്റില്ല..” “നിടുകുളം ഭാഗത്ത് എച്ച്.ടി.ലൈൻ തകരാറിലാണ്. ഏതാണ്ട് ഉച്ചയോടെ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പറ്റൂ. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു..”
വൈദ്യുതി ഉപഭോക്താവും വൈദ്യുതിവകുപ്പ് ജീവനക്കാരനും തമ്മിലുള്ള ആശയവിനിമയമാണിത്. വൈദ്യുതി മുടങ്ങിയതിൽ ആശങ്കപ്പെട്ട് പോസ്റ്റിട്ടയാൾക്ക് തത്ക്ഷണം വാട്സാപ്പ് ഗ്രൂപ്പിൽ മറുപടിയിടുന്ന ജീവനക്കാരൻ.
മറ്റ് ജീവനക്കാരെ അപേക്ഷിച്ച് സ്ഥാനത്തും അസ്ഥാനത്തും നിരന്തരം പഴികേൾക്കുന്നവരാണ് വൈദ്യുതിവകുപ്പ് ജീവനക്കാർ. വിളിച്ചാൽ ഫോണെടുക്കില്ല, കാര്യക്ഷമമായി അറ്റകുറ്റപ്പണി നടത്തില്ല… ഇങ്ങനെ പോകുന്നു ഇവരെക്കുറിച്ചുള്ള പൊതുജനത്തിന്റെ പരാതികൾ.
എന്നാൽ പരാതികളിൽനിന്ന് ഒളിച്ചോടാതെ വൈദ്യുതി ബോർഡ് തന്നെ ഉപഭോക്താക്കളുടെ ക്ഷേമത്തിനായി ഒരു വാട്സാപ്പ് കൂട്ടായ്മയുണ്ടാക്കിയാലോ. കെ.എസ്.ഇ.ബി. ചാലോട് സെക്‌ഷൻ അധികൃതരാണ് ഇത്തരത്തിലൊരു കൂട്ടായ്മയുണ്ടാക്കിയത്. ‘കെ.എസ്.ഇ.ബി. ചാലോട് പരാതിപുസ്തകം’ എന്നാണ് ഗ്രൂപ്പിന്റെ പേര്.
സെക്‌ഷൻ പരിധിയിലെ 534 പേരാണ് ഗ്രൂപ്പിലുള്ളത്. അസി. എൻജിനീയർ എം.പ്രശാന്ത്, സബ് എൻജിനീയർമാരായ കെ.പി.നിധിൻ, ടി.സി.പുഷ്പരാജൻ എന്നിനരാണ് ഗ്രൂപ്പ് അഡ്മിൻമാർ. വൈദ്യുതിമുടക്കം സംബന്ധിച്ചുള്ള അറിയിപ്പുകളാണ് പ്രധാനമായും ജീവനക്കാർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത്. കാറ്റിലും മഴയിലും വൈദ്യുതി വിച്ഛേദിക്കപ്പെടുക, വൈദ്യുതിലൈൻ പൊട്ടിവീഴുക, ലൈനിൽ മരം പൊട്ടിവീഴുക, വണ്ടിയിടിച്ച് തൂണിന് കേടുപാട് പറ്റുക തുടങ്ങിയ വിവരങ്ങൾ നാട്ടുകാരും കൈമാറും. ഇതിലൂടെ അപകടമൊഴിവാക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും.
വൈദ്യുതത്തൂൺ കാട് മൂടിയതിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഗ്രൂപ്പിലിടാനും നാട്ടുകാർ ശ്രദ്ധിക്കുന്നു. ഇലക്ട്രീഷ്യന്മാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പുകളും ‘ചാലോട് കെ.എസ്.ഇ.ബി.’ എന്ന പേരിൽ ഫെയ്സ് ബുക്ക് പേജുമുണ്ട് ഇവരുടേതായി.
ഏറെ സൗകര്യപ്രദം
വൈദ്യുതി മുടങ്ങുന്ന വിവരം നേരത്തേ ഗ്രൂപ്പിലിടുന്നത് അംഗങ്ങൾക്ക് ഏറെ സൗകര്യപ്രദമാണ്. അവർക്ക് മുൻകൂട്ടി കാര്യങ്ങൾ ചെയ്തുതീർക്കാനാകും. നാട്ടുകാർ ഇടുന്ന പോസ്റ്റുകളിലൂടെ അപകടങ്ങൾ പെട്ടെന്ന് അറിയാനും കാര്യക്ഷമമായി പരിഹാരം കാണാനും സാധിക്കുന്നു
എം.പ്രശാന്ത്,അസി. എൻജിനീയർ