ഭീതി പരത്തി പടരുന്ന ന്യുമോണിയ; ജാഗ്രതയോടെ ഇന്ത്യയും

Share our post

കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ ക്ഷീണം തന്നെ നാമിനിയും മറികടന്നിട്ടില്ല. കൊവിഡിന് ശേഷം ആരോഗ്യപരമായി തളര്‍ന്നവരാണ് ഏറെ പേരും. പലരിലും ചുമയും തൊണ്ടവേദനയുമെല്ലാം പതിവായി മാറി. മുമ്പെല്ലാം പനി ബാധിക്കുന്നതിന് വലിയ ഇടവേളയുണ്ടായിരുന്നുവെങ്കില്‍ ഇന്ന് കൂടെക്കൂടെ പനിയും ജലദോഷവും ബാധിക്കുന്നവരുടെ എണ്ണവും കൂടി.

ഇത്തരത്തില്‍ കൊവിഡാനന്തരം ആളുകളുടെ ആരോഗ്യകാര്യങ്ങളില്‍ ഗൗരവതരമായ മാറ്റമാണ് വന്നിട്ടുള്ളത്. എന്നാലീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പഠനങ്ങളോ വിദഗ്ധ നിരീക്ഷണങ്ങളോ ഒന്നും ഇനിയും രാജ്യത്ത് വന്നിട്ടില്ല.

ഇപ്പോഴിതാ കൊവിഡ് 19ന്‍റെ ഉത്ഭവസ്ഥലമെന്ന് കരുതപ്പെടുന്ന ചൈനയില്‍ ന്യുമോണിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും ജാഗ്രതയിലാവുകയാണ്. H9N2 വൈറസാണ് ഈ രോഗത്തിന് കാരണമാകുന്നതത്രേ. കുട്ടികളെയാണ് അധികവും ഇത് കടന്നുപിടിക്കുന്നത്. മുതിര്‍ന്നവരെ ബാധിക്കുന്നില്ല എന്നല്ല. നിലവില്‍ ഏറ്റവുമധികം കേസുകള്‍ വന്നിരിക്കുന്നതും കുട്ടികളിലാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യയും ജാഗ്രതയിലാണെന്ന് അറിയിച്ചിരിക്കുകയാണ് നമ്മുടെ ആരോഗ്യമന്ത്രാലയം. നിലവില്‍ രാജ്യത്ത് ഇതുവരേക്കും സംശയകരമായ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അങ്ങനെയൊരു രോഗകാരിയുടെ വരവ് ഉണ്ടായിട്ടില്ലെന്നുമാണ് പത്രക്കുറിപ്പിലൂടെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. എങ്കില്‍ പോലും രാജ്യം മുന്നൊരുക്കത്തിലാണ് എന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.

H9N2 വൈറസ് ബാധ മരണത്തിലേക്ക് എത്തിക്കുന്നത് കുറവായിരിക്കുമെന്നും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിന്‍റെ തോത് നിലവില്‍ കുറവാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പറയാം. എങ്കിലും കൊവിഡ് നല്‍കിയ ആഘാതം നമ്മെ ഇക്കുറിയും ഭയപ്പെടുത്തുകയാണ്.

ചൈനയില്‍ സ്കൂളുകളിലും മറ്റുമായി കുട്ടികള്‍ക്കിടയില്‍ ന്യുമോണിയ പടര്‍ന്നുപിടിക്കുകയായിരുന്നുവത്രേ. ആശുപത്രികളില്‍ എല്ലാം ‘അജ്ഞാത’ന്യുമോണിയ ബാധിച്ച കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന പനിയാണത്രേ ഇതിന്‍റെ പ്രധാന ലക്ഷണം. ശ്വാസകോശത്തില്‍ അണുബാധയും ഉണ്ടായിരിക്കും. എന്നാല്‍ ചുമ കാണില്ലെന്നാണ് പറയപ്പെടുന്നത്.

ഇന്ത്യയിലാണെങ്കില്‍ ന്യുമോണിയ കേസുകള്‍ നേരത്തേ തന്നെ വളരെ കൂടുതലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മരണനിരക്കും മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ചുനോക്കുമ്പോള്‍ കൂടുതല്‍ തന്നെ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!