മാഹിയിലെ പെട്രോൾ ബങ്കുകളിൽ പ്രീമിയം കൊള്ള

Share our post

മാഹി: മേഖലയിലെ പെട്രോൾ ബങ്കുകളിൽ ഉയർന്ന വിലയുള്ള എക്സ് 95 പെട്രോൾ നിർബന്ധിച്ച് അടിപ്പിക്കുന്നതായി വ്യാപക പരാതി ഉയർന്നു. ഇന്ത്യൻ ഓയിൽ പെട്രോൾ ബങ്കുകളിൽ ഇന്ധനം നിറയ്ക്കുവാൻ വാഹനവുമായി എത്തുന്നവരാണ് പരാതിക്കാർ. ബങ്കുകളിൽ പ്രദർശിപ്പിച്ച സ്റ്റോക്ക് ബോർഡുകളിൽ സാധാരണ പെട്രോൾ (എം.എസ് ) സ്റ്റോക്ക് എഴുതി വച്ച് സാധാരണ പെട്രോൾ ഇല്ലെന്ന് പറയുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഇതോടെ വിദൂര സ്ഥലങ്ങളിൽ നിന്ന് വാഹനവുമായി ഫുൾ ടാങ്ക് പെട്രോൾ നിറയ്ക്കുവാൻ എത്തുന്നവർ ലിറ്ററിന് 4 രൂപ 50 പൈസ കൂടുതൽ കൊടുത്ത് പ്രീമിയം പെട്രോൾ നിറയ്‌ക്കേണ്ട ഗതികേടിലായി. കേരളത്തേക്കാൾ മാഹിയിൽ പെട്രോളിന് ലിറ്ററിന് 14 രൂപയുടെ വില വ്യത്യാസം ഉള്ളതിനാലാണ് പലരും ദീർഘ ദൂരം സഞ്ചരിച്ച് പെട്രോൾ അടിക്കുവാൻ മാഹിയിലെത്തുന്നത്.

കേരളത്തിൽ പെട്രോളിന് ലിറ്ററിന് 107.89 രൂപയുള്ളപ്പോൾ മാഹിയിൽ ഇത് 93.80 രൂപയാണ് പ്രീമിയം പെട്രോളിന് ലിറ്ററിന് വില 98.24 രൂപയാണ്. വിദൂര സ്ഥലങ്ങളിൽ നിന്ന് മാഹി ഇന്ത്യൻ ഓയിൽ പമ്പുകളിൽ എത്തുന്നവർ വഞ്ചിതരാവുകയാണ്. ചില വാഹനങ്ങൾ ഇന്ത്യൻ ഓയിൽ ബങ്കിൽ കയറാതെ മറ്റു കമ്പനിക്കാരുടെ പമ്പുകളെ ആശ്രയിക്കുന്നതായും പറയുന്നു.

അതിനിടെ, ഉപഭോക്താക്കൾ ബങ്കുകളിലെ ജീവനക്കാരുമായി വാക്ക് തർക്കങ്ങളും കൈയേറ്റങ്ങളുമുണ്ടാകുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏറ്റവുമൊടുവിൽ മൂലക്കടവിലെ പെട്രോൾ ബങ്ക് ജീവനക്കാരന് നേരെയാണ് കൈയേറ്റമുണ്ടായത്.

കേരളത്തിലെ പെട്രോൾ വില 107.89

മാഹിയിലെ പെട്രോൾ വില 93.80

മാഹിയിലെ പ്രീമിയം പെട്രോൾ വില 98.24

മറുപടിയും സ്റ്റോക്കില്ല!

ബങ്കുടമകളോട് വാഹന ഉടമകൾ പരാതി പ്പെട്ടാൽ വ്യക്തമായ മറുപടിയും കിട്ടുന്നില്ല. സാധാണ പെട്രോൾ ടാങ്കർ ലോറികൾ ബങ്കിൽ എത്തണമെങ്കിൽ പ്രീമിയം പെട്രോൾ നിർബന്ധമായും വിറ്റിരിക്കണമത്രെ. വൻ തോതിൽ വില കൂടിയ ഇന്ധനം ഡിപ്പോകളിൽ നിന്നും ബങ്കുകളിലേക്ക് അയക്കുകയാണെന്നും പറയുന്നു. സാധാരണ പെട്രോൾ വില്പനയുടെ 10 ശതമാനം പ്രീമിയം പെട്രോൾ നിർബന്ധമായും ബങ്കുകളിൽ വില്പന നടത്തിയിരിക്കണമെന്ന് ഡിവിഷണൽ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശമാണെന്ന് സൂചനയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!