അമിതഭാരം പ്രശ്നം,കുട്ടികൾക്കും വരാം അമിത ബി.പി.; 1.75 ലക്ഷം വിദ്യാർഥികളുടെ ബി.പി. പരിശോധിക്കുന്നു

കണ്ണൂർ: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ 1.75 ലക്ഷം പ്ലസ്‌വൺ വിദ്യാർഥികളുടെ ബി.പി. പരിശോധിക്കുന്നു. 820 ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലും ‘സശ്രദ്ധ’മെന്ന പദ്ധതി തുടങ്ങി. കൗമാരക്കാരായ വിദ്യാർഥികളിൽ ഉയർന്ന രക്തസമ്മർദം കണ്ടെത്തുന്നതിനെത്തുടർന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് ആദ്യഘട്ടമെന്ന നിലയിൽ പ്ലസ്‌വൺ വിദ്യാർഥികളിൽ പരിശോധനനടത്തുന്നത്.
ജീവിതശൈലീരോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കുകയാണ് ഉദ്ദേശ്യം. വനിതാ–ശിശുക്ഷേമ വകുപ്പ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചൈൽഡ് ഡിവലപ്മെന്റ് സെന്റർ (സി.ഡി.സി.) എന്നിവരുടെ സഹകരണത്തോടെയാണിത്. സഹൃദയ ക്ലബ്ബ് കോ-ഓർഡിനേറ്റർക്കാണ് ചുമതല.
ബി.പി. നോക്കാനുള്ള ഉപകരണം സ്കൂളുകളിൽ നൽകിയിട്ടുണ്ട്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ രൂപപ്പെടുത്തിയ പോർട്ടൽ മുഖേനയാണ് വിരങ്ങൾ ശേഖരിക്കുന്നത്. സ്റ്റേറ്റ് ഡേറ്റ സെന്ററിൽ വിവരങ്ങൾ ശേഖരിക്കും.
സശ്രദ്ധം ആരോഗ്യ സർവേ
രക്തസമ്മർദം, ഭാരം, ഉയരം എന്നീ വിവരങ്ങൾ ആദ്യം തിട്ടപ്പെടുത്തുന്നു. 20 മിനിറ്റ് വ്യത്യാസത്തിൽ രണ്ടുതവണയാണ് ബി.പി.നോക്കുക. പിന്നീട് വിദ്യാർഥികൾ ഓൺലൈൻ സർവേയിൽ പങ്കെടുക്കണം. ഭക്ഷണരീതികൾ, ശാരീരിക അധ്വാനം, വ്യായാമം, മാനസികസമ്മർദം എന്നിവയും ലഹരി ഉപയോഗമുണ്ടോയെന്നതും പരിശോധിച്ചു രേഖപ്പെടുത്തും. രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങിയാണിത് ചെയ്യുക. ഉയർന്ന ബി.പി. ഉള്ളവരിൽ എൻ.എച്ച്.എം.നഴ്സുമാർ ഒരുവട്ടംകൂടി പരിശോധിക്കും. ആവശ്യമെങ്കിൽ പിന്നീട് ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ നൽകും.
അമിതഭാരം പ്രശ്നമാണ്
സ്കൂൾ ക്യാമ്പുകൾ നടത്തുമ്പോൾ 10 ശതമാനത്തോളം കുട്ടികളിൽ ബി.പി. കൂടുതലായി കാണാറുണ്ട്. അമിതഭാരവും വണ്ണവുമാണ് പ്രധാനകാരണം. ചിട്ടയോടെയുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരോടും രക്ഷിതാക്കളോടും നിർദേശിക്കും. തുടർപരിശോധനയും വേണം. മുതിർന്നവരിൽ കാണുന്ന അമിത രക്തസമ്മർദത്തിന്റെയൊക്കെ ആരംഭം കൗമാരപ്രായത്തിലാകും. പലപ്പോഴും നേരത്തേ അറിയാതെ പോകുന്നതാണ്.
ഡോ.എം. വിജയകുമാർ
ശിശുരോഗവിഭാഗം മേധാവി
ഗവ.മെഡിക്കൽ കോളേജ്
കോഴിക്കോട്