പേരാവൂർ ക്ഷീരസംഘം സാമ്പത്തിക ക്രമക്കേട്; മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു

പേരാവൂർ: സാമ്പത്തിക ക്രമക്കേടുകൾ കാരണം ക്ഷീരവികസന വകുപ്പ് പിരിച്ചു വിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ്.
പേരാവൂർ തെരു സ്വദേശി കൊമ്പൻ പ്രഭാകരൻ, എ.എസ്.നഗർ സ്വദേശി കാരായി ശ്രീജിത്ത്, മുരിങ്ങോടി സ്വദേശി മൊട്ടമ്മേൽ ലത്തീഫ് എന്നിവരെയാണ് സഹകരണ സംഘം നിയമം വകുപ്പ് (ഡി) 31/1 പ്രകാരം ഡപ്യൂട്ടി ഡയറക്ടർ ഒ.സജ്‌നി നിയമിച്ചത്.2023 നവംബർ 22 മുതൽ മൂന്ന് മാസത്തേക്കാണ് നിയമനം.കാലാവധിക്കുള്ളിൽ സംഘം തിരഞ്ഞെടുപ്പ് നടത്തേണ്ടതും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ചുമതലയാണ്.
സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റി അംഗമായ കെ.ശശീന്ദ്രൻ പ്രസിഡന്റായുള്ള ക്ഷീരസംഘം ഭരണസമിതിയെ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്നാണ് ക്ഷീരവികസന വകുപ്പ് പിരിച്ചുവിട്ട് പാർടൈം അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്.പേരാവൂർ ഡയറിഫാം ഇൻസ്ട്രക്ടർക്കായിരുന്നു ഭരണചുമതല. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നതോടെ മൂന്നംഗ കമ്മിറ്റിയിൽ നിന്ന് ഒരാളെ കൺവീനറായി തിരഞ്ഞെടുക്കും.
ജില്ലാ തലത്തിൽ ഭരണപക്ഷത്തു നിന്നുള്ള ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് അഡ്മിനിസ്ട്രേറ്ററെ മാറ്റി സി.പി.എം പ്രവർത്തകരായ മൂന്ന് പേർ ഉൾപ്പെട്ട കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് എന്നാണ് സൂചന.