പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: പ്രതിക്ക് 20വർഷം തടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. കൊല്ലം പാരിപ്പള്ളി കോട്ടക്കേറം കരവാരത്തുവീട്ടിൽ ശശി (60)യെയാണ് ശിക്ഷിച്ചത്. കുട്ടിയുടെ അടുത്ത ബന്ധുവാണ് പ്രതി. മറ്റൊരു ബന്ധുവീട്ടിൽ കുട്ടിയെ കൈകാലുകൾ ബന്ധിച്ച് ഇയാള്‍ പീഡനത്തിനിരയാക്കുകയായിരുന്നു. ഇതേതുടർന്ന് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടി കൗൺസലിങ്ങിലൂടെയാണ് പീഡനവിവരം വെളിപ്പെടുത്തുന്നത്.
പരവൂർ സർക്കിൾ ഇൻസ്‌പെക്ടറായ എ. നസീറിന്റെ നേതൃത്വത്തിൽ അന്വേഷിച്ച കേസിൽ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോജാ തുളസീധരൻ, അഞ്ജിത രാജ് എന്നിവർ ഹാജരായി.