വ്യാജ ഐ.ഡി കേസില്‍ അറസ്റ്റിലായവരുമായി അടുത്തബന്ധം; കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ തള്ളിപ്പറയും-രാഹുല്‍

തിരുവനന്തപുരം: വ്യാജ ഐ.ഡി.കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. അവര്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയാല്‍ തീര്‍ച്ചയായും അവരെ തള്ളിപ്പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നും മാധ്യമങ്ങളോടു പ്രതികരിക്കവേ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘കേസുമായി ബന്ധപ്പെട്ട് നീതിയുക്തമായ അന്വേഷണം നടക്കട്ടെ. അവര്‍ എന്റെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കെതിരായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? എന്തെങ്കിലും നോട്ടീസ് കൊടുത്തിട്ടുണ്ടോ? അത്തരമൊരു രേഖ ഹാജരാക്കുവാന്‍ പോലീസിനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. എന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും വാഹനമാണ്.
കുറ്റാരോപിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നോട്ടീസ് നല്‍കിയാണ് ഇത് സംഭവിക്കുന്നതെങ്കില്‍ എനിക്കും പങ്കുണ്ടെന്ന് പറയാം. കസ്റ്റഡിയിലുള്ളവര്‍ എന്റെ നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അവരുമായി മികച്ച ബന്ധം എനിക്കുണ്ടെന്ന കാര്യം നേരത്തേ ഞാന്‍ പറഞ്ഞതാണ്. എന്റെ വാഹനത്തില്‍ കയറാന്‍ ആര്‍ക്കും അവകാശമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അവര്‍ക്ക് ഇടക്കാലജാമ്യം അവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികളാണെന്ന് തെളിയിക്കപ്പെട്ടാല്‍ നിര്‍ബന്ധമായും തള്ളിപ്പറയും. ഒരുകുറ്റകൃത്യത്തെയും ചേര്‍ത്തുപിടിക്കുന്ന പാരമ്പര്യം യൂത്ത് കോണ്‍ഗ്രസ്സിനോ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനോ ഇല്ല’- രാഹുല്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പറയുന്നതുപോലെ ‘എനക്കറിയില്ല’ എന്നൊന്നും താന്‍ പറയില്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുമെന്നും കേന്ദ്ര ഏജന്‍സികള്‍ വന്നാല്‍പ്പോലും സഹകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരിലൊക്കെ സാധാരണയായി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ പലരും നെഞ്ചുവേദനയാണെന്നും പറഞ്ഞ് ക്രച്ചസില്‍ പോകുമെന്നും അദ്ദേഹം പരിഹസിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സനോജിനെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
‘ചോദ്യം ചെയ്യലിനായി ഊര്‍ജസ്വലനായിത്തന്നെ പോകും. കേസ് ചമയ്ക്കുമ്പോള്‍ അതിന്റെ അങ്ങേ അറ്റത്ത് ആരുണ്ടാകണമെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ പ്രതികരണം നടത്തിയത് കെ.സുരേന്ദ്രനാണ്. അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പ്രതികളാരാണെന്ന് പറഞ്ഞു. സുരേന്ദ്രന്‍ പറഞ്ഞ റൂട്ടിലൂടെയാണ് കേരള പോലീസ് സഞ്ചരിച്ചത്. ഞാന്‍ വ്യാജ പ്രസിഡന്റാണെന്ന് ആദ്യം പറഞ്ഞത് സുരേന്ദ്രനാണ്.
രണ്ടാമതാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സനോജ് പറഞ്ഞത്. സനോജിന്റെ പാര്‍ട്ടി ചീഫ് സുരേന്ദ്രനാണോ അതോ ഗോവിന്ദന്‍ മാഷാണോ അതോ രണ്ടുപേരുമാണോ? ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇവര്‍ക്കെല്ലാവര്‍ക്കും ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പാണെന്ന് മനസ്സിലായി. അതുകൊണ്ട് ഈ വിഷയംകൊണ്ടെങ്കിലും സംഘപരിവാറിന്റെ ഒന്നാമത്തെ രാഷ്ട്രീയ രൂപം സി.പി.എം. ആണെന്ന് തിരിച്ചറിയപ്പെടുന്നതില്‍ സന്തോഷം. ഇത്തരം ആക്ഷേപങ്ങളെ ആ രീതിയില്‍ മാത്രമേ കാണുന്നുള്ളൂ. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമില്ല’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തത്. പ്രതികളുടെ കൈവശമുള്ള ലാപ്‌ടോപ്പില്‍ നിന്നും ഫോണുകളില്‍ നിന്നും വ്യാജ കാര്‍ഡിന്റെ കോപ്പികള്‍ ലഭിച്ചു. കാര്‍ഡുകള്‍ പരസ്പരം കൈമാറിയെന്നതിന് ഡിജിറ്റല്‍ തെളിവകള്‍ ലഭിച്ചതായും പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതായും പോലീസ് അറിയിച്ചു.