മറ്റൊരു മഹാമാരി? ചൈനയില്‍ കുട്ടികളില്‍ ‘നിഗൂഢ’ ന്യൂമോണിയ പടരുന്നു, ആശങ്ക

Share our post

ബീജിങ്: കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാത്ത ചൈനയെ ഭീതിയിലാഴ്ത്തി മറ്റൊരു രോഗം പടര്‍ന്നു പിടിക്കുന്നു. നിഗൂഢമായ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നുപിടിക്കുന്നത്.

രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നു. ബീജിങിലെയും ലിയോണിങിലെയും ആശുപത്രികൾ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്കൂളുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം ബീജിങിലെ പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്

കുട്ടികളില്‍ പടരുന്ന ശ്വാസകോശ രോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചൈനയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. മനുഷ്യരിലും മൃഗങ്ങളിലും പകര്‍ച്ച വ്യാധികള്‍ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ് (ProMed) കുട്ടികളില്‍ പടരുന്ന ന്യൂമോണിയയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇനിയും നിർണയിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം പൊട്ടിപ്പുറപ്പെട്ടെന്നാണ് അറിയിപ്പ്. ഇതെപ്പോഴാണ് ബാധിച്ചു തുടങ്ങിയതെന്ന് വ്യക്തമല്ല. ഇത്രയധികം കുട്ടികളെ ബാധിക്കുന്നത് അസാധാരണമായ സംഭവമാണ്. എന്നാല്‍ മുതിര്‍ന്നവരെ ഈ രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്നും പ്രോമെഡ് അറിയിച്ചു. എന്നാല്‍ ഇത് മറ്റൊരു മഹാമാരി ആകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!