തിരുവനന്തപുരത്തു നിന്ന് കൂടുതൽ ആഭ്യന്തര സർവിസുകളുമായി എയർ ഇന്ത്യ

വലിയതുറ : തലസ്ഥാന വിമാനത്താവളത്തിൽനിന്ന് കൂടുതൽ ആഭ്യന്തര സർവിസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. ബംഗളൂരു, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ടും മംഗളൂരുവിൽനിന്ന് ബംഗളൂരു വഴിയുമാണ് പുതിയ സർവിസുകൾ.
ബംഗളൂരുവിലേക്കു ദിവസേന രണ്ട് സർവിസുകളാണ് നടത്തുക. രാവിലെ 07.20ന് എത്തി 7.50നും രാത്രി 11.25ന് എത്തി 11.55നും തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. കണ്ണൂരിലേക്ക് ബുധൻ, ശനി ദിവസങ്ങളിലാണ് സർവിസ്. രാവിലെ ഏഴിന് എത്തി 7.20ന് പുറപ്പെടും.
ചെന്നൈയിലേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സർവിസ്. പുലർച്ച 01.55ന് എത്തി രാത്രി 11.55ന് പുറപ്പെടും. മംഗളൂരുവിൽനിന്ന് സർവിസ് രാത്രി 8.15ന് പുറപ്പെട്ടു ബംഗളൂരു വഴി 11.25ന് തിരുവനന്തപുരത്ത് എത്തും. എല്ലാ സർവിസുകളും ചാക്കയിലെ രാജ്യാന്തര ടെർമിനലിൽനിന്നായിരിക്കും നടത്തുക.