പുതുശേരി- പുഴക്കൽ- മഠപ്പുരച്ചാൽ പാലം; പൊതുമരാമത്ത് വകുപ്പധികൃതർ സ്ഥല പരിശോധന നടത്തി

പേരാവൂർ: പുതുശ്ശേരി പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സണ്ണി ജോസഫ് എം.എൽ.എ.യും പേരാവൂർ പഞ്ചായത്തും വകുപ്പ് മന്ത്രിക്ക് നല്കിയ നിവേദനങ്ങളുടെ ഭാഗമായി പൊതുമരാമത്തധികൃതർ സ്ഥലം സന്ദർശിച്ചു. പി.ഡബ്ള്യു.ഡി പാലങ്ങൾ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ബിനോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പുഴക്കലിൽ നിർദ്ദിഷ്ട പാലത്തിന് നിർദ്ദേശിച്ചിരിക്കുന്ന സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തി. പാലത്തിൻറെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി സ്ഥലം എം.എൽ.എ.യുടെ ശുപാർശ കത്ത് ആവശ്യമാണെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ നാട്ടുകാരെ അറിയിച്ചു. മന്ത്രിയുടെ അടിയന്തര നിർദേശ പ്രകാരമാണ് പൊതുമരാമത്ത് വകുപ്പധികൃതർ സ്ഥലത്തെത്തി പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കിയത്.