മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സ്; മനുഷ്യ മഹാസമുദ്രമായി മട്ടന്നൂർ

വിമാനം പറന്നുയരുന്ന നീലാകാശത്തിനു താഴെ ഒരുക്കിയ കൂറ്റന്‍ പന്തലിലേക്ക് ജനങ്ങള്‍ ഇരമ്പിയെത്തി. നട്ടുച്ചവെയിലിലും വാടാത്ത ഊര്‍ജ്ജത്തോടെ. കണക്കുകൂട്ടിയതിലുമപ്പുറം ജനപ്രവാഹമാണ് മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സിലുണ്ടായത്. അന്താരാഷ്ട്ര വിമാനത്താവളം ഒന്നാംഗേറ്റിന് സമീപത്ത് ഒരുക്കിയ പവലിയനിലേക്ക് രാവിലെ മുതല്‍ തന്നെ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. ഓരോ ബൂത്തുകളില്‍ നിന്നും പ്രത്യേകം ഒരുക്കിയ ബസുകളില്‍ ആളുകള്‍ കൂട്ടമായെത്തിയതോടെ മനുഷ്യമഹാ സമുദ്രത്തിന് മട്ടന്നൂര്‍ സാക്ഷിയായി.
പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിച്ച ചെണ്ടമേളത്തിന് താളംപിടിച്ചാണ് അവര്‍ സീറ്റുകളിലിരുന്നത്. കാത്തിരുന്ന പ്രിയ ജനനായകര്‍ എത്തിയപ്പോള്‍ കരഘോഷത്തോടെയും ചെണ്ട മേളത്തോടെയും വരവേറ്റു. നൃത്തവേഷത്തിലെത്തിയ കുട്ടികള്‍ പൂച്ചെണ്ടും നല്‍കി. കാഞ്ഞിരോട് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നെയ്ത ബെഡ്ഷീറ്റുകള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സമ്മാനിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി മട്ടന്നൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, കെ.പി. രമേഷ്ബാബു എന്നിവര്‍ തയ്യാറാക്കിയ സുവനീര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളായ എടയന്നൂരിലെ വി. മന്‍മേഘ്, കശ്യപ്നാഥ് എന്നിവര്‍ ചേര്‍ന്ന് ക്യാന്‍വാസില്‍ വരച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രേഖാചിത്രം വേദിയില്‍ പ്രദര്‍ശിപ്പിച്ചു.
പരാതി സ്വീകരിക്കാനായി 20 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. 3350 പരാതികള്‍ ലഭിച്ചു. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, എല.ജി.ബി.ടി.ക്യൂ.ഐ.എ, ജനറല്‍ എന്നിങ്ങനെയാണ് കൗണ്ടറുകള്‍ ഒരുക്കിയത്. രാവിലെ പതിനൊന്ന് മണി മുതല്‍ പരാതികള്‍ സ്വീകരിച്ചു. സദസ്സിന് ശേഷവും പരാതികള്‍ സ്വീകരിച്ചു. ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ഹെല്‍പ് ഡെസ്‌കും ഒരുക്കിയിരുന്നു.