കേരള എൻജിനിയറിങ് എൻട്രൻസ് ഇനി ഓൺലൈനിൽ

തിരുവനന്തപുരം : ദേശീയ പ്രവേശന പരീക്ഷകളുടെ മാതൃകയിൽ കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയും 2024 മുതൽ ഓൺലൈനിൽ നടത്തും. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കിയ വിശദപദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. മന്ത്രിസഭായോഗം ഉടൻ പരിഗണിച്ചേക്കും.
അടുത്ത വർഷത്തെ എൻജിനിയറിങ് പ്രവേശന പരീക്ഷാ നടപടികൾ ഫെബ്രുവരിയിൽ ആരംഭിക്കേണ്ടതുണ്ട്. ഇതിൻമേൽ ഡിസംബർ ആദ്യം അന്തിമ തീരുമാനമെടുക്കണം. ഐ.ടി അടിസ്ഥാന സൗകര്യങ്ങളുള്ള ഏജൻസിയെ പരീക്ഷാ നടത്തിപ്പ് ഏൽപ്പിക്കുന്ന ടെൻഡർ നടപടിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കായിരിക്കും മുൻഗണന. സംസ്ഥാനത്ത് ഓൺലൈൻ പരീക്ഷ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം കേരള എൻട്രൻസ് പരീക്ഷയ്ക്കും ആശ്രയിക്കും. ദേശീയ പ്രവേശന പരീക്ഷകൾ രണ്ട് തവണ നടത്തുന്ന രീതിയിൽ തന്നെയാണ് കേരള എൻട്രൻസും നടത്തുക.
രണ്ട് തവണ നടത്തുന്ന പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കുന്ന പരീക്ഷയാണ് റാങ്ക് ലിസ്‌റ്റിന് പരിഗണിക്കുന്നത്. എന്നാൽ കേരള എൻട്രൻസ് ആദ്യ തവണ ഒറ്റ പരീക്ഷ മതിയെന്നും നിർദേശമുണ്ട്. ആദ്യ ഓൺലൈൻ പരീക്ഷാ നടത്തിപ്പിലെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ചശേഷം 2025 മുതൽ രണ്ടുതവണ പരീക്ഷ നടത്താമെന്നാണ് പൊതുവെ ഉയർന്ന അഭിപ്രായം. ഇക്കാര്യത്തിൽ അന്തിമതീരുമാനം സർക്കാർ സ്വീകരിക്കും. റിപ്പോർട്ട് സർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് ഓൺലൈൻ പരീക്ഷാ നടത്തിപ്പിനുള്ള ടെൻഡർ നടപടിക്ക് തുടക്കമാകും.