ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം; ഫോണിൽ ഉണ്ടാകാൻ പാടില്ലാത്ത ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ്

Share our post

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഗൂഗിള്‍ പേയുമുണ്ട്. ഉപയോഗിക്കുന്നതിലുള്ള എളുപ്പവും ലളിതമായ ഡിസൈനും ഒപ്പം ഗൂഗിള്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും ഗൂഗിള്‍ പേയ്ക്ക് ഉണ്ടെന്നാണ് നിര്‍മാതാക്കള്‍ തന്നെ അവകാശപ്പെടുന്നത്.

ഉപഭോക്താവ് ഓരോ ഇടപാടുകളും നടത്തുമ്പോള്‍ അപ്പപ്പോള്‍ തന്നെ അവ പരിശോധിച്ച് തട്ടിപ്പ് അല്ലെന്ന് സ്ഥിരീകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്നോളജിയും ഗൂഗിള്‍ പേയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. സുരക്ഷ ഉറപ്പാക്കാന്‍ തങ്ങളാല്‍ ആവുന്നതൊക്കെ ചെയ്യുമ്പോള്‍ ഉപഭോക്താക്കളും സ്വന്തം നിലയ്ക്ക് കെണിയില്‍ വീഴാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ഇതിനുവേണ്ടി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഏതാനും കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ടത് സ്ക്രീന്‍ ഷെയറിങ് ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ്. ഗൂഗിള്‍ പേ തുറക്കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്നതിന് മുമ്പ് ഫോണില്‍ സ്ക്രീന്‍ ഷെയറിങ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ ഫോണിന്റെ സ്ക്രീനില്‍ എന്താണ് കാണുന്നതെന്ന് മറ്റൊരാളെ കൂടി കാണാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകളാണ് സ്ക്രീന്‍ ഷെയറിങ് ആപ്പുകള്‍.

ഫോണുകളിലും ടാബുകളിലും കംപ്യൂട്ടറുകളിലുമെല്ലാം ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ആപ്പുകളും സോഫ്റ്റ്‍വെയറുകളും ഉണ്ട്. ഫോണുകളോ കംപ്യൂട്ടറുകളോ വിദൂരത്ത് ഇരുന്ന് ഒരാള്‍ക്ക് തകരാറുകള്‍ പരിഹരിക്കാന്‍ ഉള്‍പ്പെടെ സഹായകമാണ് ഇത്തരം ആപ്പുകളെങ്കിലും അവ ദുരുപയോഗം ചെയ്യപ്പെടാന്‍ നല്ല സാധ്യതയുണ്ട്. ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ തട്ടിപ്പുകാര്‍ നിങ്ങള്‍ക്ക് പകരം നിങ്ങളുടെ ഫോണില്‍ നിന്ന് ഇടപാടുകള്‍ നടത്തുകയോ എടിഎം കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കുകയോ അതല്ലെങ്കില്‍ ഒ.ടി.പി മനസിലാക്കുകയോ ചെയ്യും.

ഇതിന് പുറമെ ഒരു കാരണവശാലും മറ്റ് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിള്‍ പേ ഒരിക്കലും നിര്‍ദേശിക്കില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ അവ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ആരെങ്കിലും ഗൂഗിള്‍ പേ പ്രതിനിധികളെന്ന് അവകാശപ്പെട്ട് ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കുകയാണെങ്കില്‍ അവ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗൂഗിള്‍ പേ നിര്‍ദേശിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!