തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പുതിയ അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാന്‍ നോട്ടിസ് നല്‍കും. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്
കേസിൽ 24 വ്യാജ കാർഡുകൾ പൊലീസ് കണ്ടെടുത്തിരുന്നു.ഇത് വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നാണ് കാർഡുകൾ കണ്ടെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭിവിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ്ടോപ് എന്നിവിടങ്ങളിൽ നിന്നാണ് കാർഡിന്റെ കോപ്പികൾ ലഭിച്ചത്. പ്രതികൾക്കെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
വ്യാജ കാർഡുകൾ പരസ്പരം കൈമാറിയെന്നതിനും തെളിവ് ലഭിച്ചെന്ന് പൊലീസ് പറയുന്നു. പിടിച്ചെടുത്ത കാർഡുകൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർനടപടി സ്വീകരിക്കും. അന്വേഷണം കൂടുതൽ പേരിലേക്കു വ്യാപിപ്പിച്ചു. കേസിൽ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്. സംശയ നിഴലിലുള്ള പലരും ഒളിവിലെന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
മ്യൂസിയം എസ്എച്ച്ഒ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ പൊലീസ് അടക്കം എട്ടംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ഡിസിപിയും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടം വഹിക്കും.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും സ്ഥാനാര്‍ഥികളുടെയും മൊഴി എടുക്കുന്നുണ്ട്. സംഘടനയില്‍ പരാതി ഉന്നയിച്ചവരുടെയും മൊഴി രേഖപ്പെടുത്തി. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
പൊലീസ് സംഘം വെള്ളിയാഴ്ച റിപ്പോർട്ട് നൽകും. അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫിസ് യൂത്ത് കോൺഗ്രസിന് വീണ്ടും നോട്ടിസ് നൽകും. നേത്തെ നോട്ടിസ് നൽകിയിട്ടും വിശദീകരണം നൽകാത്ത പശ്ചാത്തലത്തിലാണ് നീക്കം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫിസ് വിശദീകരണം ആവശ്യപ്പെട്ട് 17ന് നോട്ടിസ് നൽകിയിരുന്നു. പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഓഫിസ് അറിയിച്ചു.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നു. നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്ഐയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു നിവേദനം നൽകി. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിനു പരാതി നൽകിയതോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം ചർച്ചയായത്.