ഇ-ചലാൻ: പിഴയിൽ തെറ്റുണ്ടെങ്കിൽ ഓൺലൈനിൽ പരാതിപ്പെടാം

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയതിൽ അപാകമുണ്ടെങ്കിൽ ഓൺലൈനിൽ പരാതിപ്പെടാം. ഓഫീസിൽ പരാതിയുമായി നേരിട്ട് എത്തേണ്ടതില്ല. പരിവാഹൻ വെബ്‌സൈറ്റിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തി.
https://echallan.parivahan.gov.in/gsticket/ എന്ന ലിങ്കിൽ ഉടമയുടെ പേര്, ഫോൺനമ്പർ, ഇ-മെയിൽ, ചലാൻ നമ്പർ, വാഹന രജിസ്‌ട്രേഷൻ ചലാൻ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തി പരാതി നൽകാം. വാഹനത്തിന്റെ നമ്പർ മാറി തെറ്റായി കേസെടുക്കുക, പിഴയടച്ചിട്ടും സേവനങ്ങൾ നിഷേധിക്കപ്പെടുക തുടങ്ങിയവ ഓൺലൈനിൽ പരാതിപ്പെടാം.
പരാതിയിലെ തീർപ്പ് ഓൺലൈനിൽ അറിയാം. ഇ-ചലാൻ വെബ്‌സൈറ്റിൽ ഭാഷ തിരഞ്ഞെടുത്ത് മലയാളത്തിലും ഇനി വായിക്കാനാകും.