തലശേരി: ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു പുറത്തെ മൂന്നാമത്തെ മന്ത്രിസഭാ യോഗം തലശേരിയിൽ നടന്നു. പൈതൃക നഗരിയായ തലശേരിയിലെ പേൾവ്യൂ റീജൻസി ഹോട്ടലിലാണ് മന്ത്രിസഭാ യോഗം നടന്നത്.
താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് താനൂർ എം.എൽ.എ കൂടിയായ മന്ത്രി എം. അബ്ദുൾ റഹ്മാന്റെ ഓഫീസിലും യു.പിഎ സര്ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മന്മോഹന്സിംഗ് കേരളത്തിലെത്തിയപ്പോള് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി എറണാകുളം ഗസ്റ്റ്ഹൗസിലും പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി പേൾ വ്യൂ റീജൻസിയിൽ തങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാതഭക്ഷണത്തിനു ശേഷമാണ് മന്ത്രിസഭാ യോഗത്തിലേക്ക് കടന്നത്. 36 ദിവസത്തെ നവകേരള യാത്രക്കിടയിൽ അഞ്ച് മന്ത്രിസഭാ യോഗങ്ങളാണ് നടക്കുക. ഇതിൽ ആദ്യത്തെ യോഗമാണ് സ്വകാര്യ നക്ഷത്ര ഹോട്ടലിൽ ഇന്ന് നടന്നത്.
മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനായി ചീഫ് സെക്രട്ടറി ഡോ. വേണു ചൊവ്വാഴ്ച രാത്രിയിൽ തന്നെ തലശേരിയിൽ എത്തിയിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സംബന്ധിച്ച ഫയലും ഉദ്യോഗസ്ഥ തലത്തിലെ സ്ഥാനക്കയറ്റവുമാണ് ഇന്നത്തെ മന്ത്രിസഭ പരിഗണിച്ചത്. മറ്റ് ചില വിഷയങ്ങളും ചർച്ചയ്ക്ക് എത്തിയിരുന്നു.
പൗരപ്രമുഖരുടെ യോഗമോ മാധ്യമ പ്രവർത്തകരെ കാണലോ ഇന്നുണ്ടായില്ല. തലശേരിയില് പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസ് ഉണ്ടെങ്കിലും റൗണ്ട് ടേബിള് അടക്കമുള്ള സൗകര്യങ്ങള് ഇല്ലാത്തതിനാലാണ് സ്വകാര്യ ഹോട്ടലില് മന്ത്രിസഭായോഗം ചേർന്നത്.
മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ മന്ത്രിമാരായ ചിഞ്ചുറാണിയും ജി.ആർ.അനിലും ഇന്ന് രാവിലെയാണ് തലശേരിയിൽ എത്തിയത്. മുൻ എം.എൽ.എയും സി.പി.ഐ കൊല്ലം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ആർ. രാമചന്ദ്രൻ മരണപ്പെട്ടതിനെ തുടർന്ന് ഇരുവരും ചൊവ്വാഴ്ച ഉച്ചക്ക് കൊല്ലത്തേക്ക് പോയിരുന്നു.
ഇനി നാല് ആഴ്ചകളിലായി നാലു ജില്ലകളിൽ മന്ത്രിസഭായോഗം
നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും സന്ദർശിക്കുന്നതിന്റെ ഭാഗമായുള്ള യാത്രയിലായതിനാലാണ് ഇനിയുള്ള നാല് ആഴ്ചകളിൽ നാലു ജില്ലകളിലായി മന്ത്രിസഭാ യോഗങ്ങൾ നടക്കും. നവകേരള സദസ് തുടങ്ങിയതിനു ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന് തലശേരിയിൽ ആണ്.
നവകേരള സദസിനിടയിൽ അഞ്ച് ജില്ലകളിലായി വരുംദിവസങ്ങളിൽ മന്ത്രിസഭായോഗം ചേരും. 28ന് മലപ്പുറത്തെ വള്ളിക്കുന്ന് , ഡിസംബർ 6ന് തൃശൂർ, ഡിസംബർ 12ന് പീരുമേട് , ഡിസംബർ 20ന് കൊല്ലം എന്നിവിടങ്ങളിലാണ് ഇനി മന്ത്രിസഭാ യോഗം ചേരുക. ഇതോടെ സംസ്ഥാന തലസ്ഥാനത്തിന് പുറത്ത് തുടർച്ചയായി അഞ്ച് മന്ത്രിസഭാ യോഗങ്ങൾ ആണ് നടക്കുക. ഇത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്.