ശബരിമല ദര്‍ശനത്തിനെത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു
ശബരിമല : ശബരിമല ദർശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി തെക്ക വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്റെ ഭാര്യ ഇന്ദിര ആണ് മരിച്ചത്. ഭർത്താവും മറ്റ് ബന്ധുക്കൾക്കും ഒപ്പം ചൊവ്വാഴ്ച ശബരിമലയിൽ എത്തിയ ഇന്ദിരയും ഒപ്പം ഉണ്ടായിരുന്നവരും രാത്രി 10 മണിയോടെ ദർശനം നടത്തിയ ശേഷം ബുധനാഴ്ച പുലർച്ചെ നെയ്യഭിഷേകം നടത്തുവാനായി നടപ്പന്തലിൽ വിരിവച്ചു.
പുലർച്ചെ അഞ്ചുമണിയോടെ ഉറക്കം ഉണർന്ന് സന്നിധാനത്തേക്ക് പോകാൻ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മേൽ നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.