അന്യസംസ്ഥാന ഓള്‍ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് നികുതി ഈടാക്കാം; കേരളം സുപ്രീം കോടതിയില്‍

Share our post

അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഖിലിന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശന നികുതി ഈടാക്കാന്‍ അധികാരമുണ്ടെന്ന് കേരളം. ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് സര്‍ക്കാരുകള്‍ പെര്‍മിറ്റിനായി ഈടാക്കുന്ന തുകയില്‍ പ്രവേശന നികുതി ഉള്‍പെടുന്നില്ലെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പ്രവേശന നികുതി പിരിക്കുന്നതിനെതിരെ വിവിധ സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജികളില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേരള മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഖിലിന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശന നികുതി ഈടാക്കാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നാണ് കേരളത്തിന്റെ വാദം.

2023-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അഖിലിന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശന നികുതി പിരിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ആകില്ലെന്നാണ് കേരളം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ നികുതി പിരിക്കുന്നത് സംബന്ധിച്ച കേന്ദ്രനിയമം ഇല്ല.

കേന്ദ്ര നിയമം ഉണ്ടായിരുന്നുവെങ്കില്‍ അതായിരുന്നു നിലനില്‍ക്കുന്നത്. എന്നാല്‍ കേന്ദ്ര നിയമത്തിന്റെ അഭാവത്തില്‍ കേരള മോട്ടര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം പ്രവേശന നികുതി പിരിക്കാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നാണ് കേരളം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2023-ലെ ചട്ട പ്രകാരം കേന്ദ്രത്തിന് ലഭിക്കുന്ന പെര്‍മിറ്റ് തുക ബസ് സര്‍വീസ് നടത്തുന്ന വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, പെര്‍മിറ്റ് തുകയുടെ ഭാഗമായി പ്രവേശന നികുതി ഈടാക്കുന്നില്ലെന്നും, അതിനാല്‍ പ്രവേശന നികുതി പ്രത്യേകമായി ഈടാക്കാന്‍ അധികാരം ഉണ്ടെന്നും ആണ് സംസ്ഥാനം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!