45 ദിവസത്തിനകം പരാതികൾ തീർപ്പാക്കും, അപേക്ഷകന് ഇടക്കാല മറുപടിയും നൽകും: മുഖ്യമന്ത്രി

കണ്ണൂർ : നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികളിൽ 45 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാദേശികതലത്തിൽ തീർപ്പാക്കേണ്ടവയിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ഉദ്യോഗസ്ഥർ തീരുമാനമെടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പ് മേധാവി മുഖേന റിപ്പോർട്ട് നൽകും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നൽകും. നിവേദനങ്ങളുടെയും പരാതികളുടെയും തൽസ്ഥിതി www.navakeralasadas.kerala.gov.in ൽ ലഭിക്കും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി.
രണ്ടുദിവസത്തെ അനുഭവം മുൻനിർത്തി, ഇനിമുതൽ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന 20 കൗണ്ടർ പ്രവർത്തിക്കും. സദസ്സ് ആരംഭിക്കുന്നതിന് മൂന്നുമണിക്കൂർമുമ്പ് നിവേദനം സ്വീകരിച്ചുതുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതുവരെ കൗണ്ടർ പ്രവർത്തിക്കും. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളുണ്ട്.
പരാതികളെല്ലാം നേരിട്ട് വാങ്ങണമെന്നത് അപ്രായോഗികമാണ്. ഉദ്യോഗസ്ഥർ ഇവ സ്വീകരിക്കുന്നത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണ്ടിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പരാതി സ്വീകരിച്ച് ഉദ്യോഗസ്ഥർക്ക് നൽകുന്നതിനേക്കാൾ ഫലപ്രദമാവുക ഇങ്ങനെയാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.