67-ാം വയസ്സിൽ ഇന്ദ്രൻസ് പത്താം ക്ലാസിലേക്ക്

തിരുവനന്തപുരം : കുമാരപുരം യു.പി.എസിലെ നാലാം ക്ലാസ് പഠനത്തിനുശേഷം നാടകം കളിച്ചു നടന്ന ‘സുരേന്ദ്രൻ’ എന്ന ഒമ്പതുവയസ്സുകാരൻ ഇന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവാണ്. അഭിനയത്തിന്റെ തലയെടുപ്പിൽ കേരളത്തിനെ ദേശീയതലത്തിലെത്തിച്ച അതുല്യപ്രതിഭയായ ഇന്ദ്രൻസ് ഇക്കുറി ഒരു പരീക്ഷയെഴുതും. പത്താംതരം തുല്യതാ പരീക്ഷ. തന്റെ 67-ാം വയസ്സിലാണ് ഇന്ദ്രൻസ് തുടർവിദ്യാഭ്യാസത്തിന് ഒരുങ്ങുന്നത്.
നവകേരള സദസ്സിന്റെ മെഡിക്കൽ കോളേജ് വാർഡുതല സംഘാടക സമിതി യോഗത്തിലാണ് തുടർപഠനത്തിനുള്ള വഴിയൊരുങ്ങിയതിനെക്കുറിച്ച് നടൻ ഇന്ദ്രൻസ് പറഞ്ഞത്. ‘കൗൺസിലർ ഡി.ആർ. അനിലാണ് പദ്ധതിയെക്കുറിച്ച് പറഞ്ഞത്. ആഴ്‌ചയിൽ ഒരു ദിവസം വന്നാൽ മതിയെന്നും പറഞ്ഞു. നാലാം ക്ലാസിനുശേഷം നാടകവും മറ്റു കലാപരിപാടികളുമായി മുന്നോട്ടുപോയി. കൂടെ പഠിച്ചവർ പഠിച്ചു മുന്നേറി നല്ല നിലയിലെത്തി. ഞാൻ സിനിമാ മേഖലയിലെത്തി. എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ കൊണ്ടുമാത്രമാണ്. എന്നാലും പഠിക്കാനുള്ള ആഗ്രഹവും ഇപ്പോഴും ഉളളിലുണ്ട്’ – അദ്ദേഹം പറഞ്ഞു. തുല്യതാ പരീക്ഷയിൽ പഠിതാവായി ചേരാനുള്ള അപേക്ഷ മെഡിക്കൽ കോളേജ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക ശ്രീലേഖയ്ക്ക് ഇന്ദ്രൻസ് കൈമാറി.