റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല’; കാരണം വിശദീകരിച്ച് മമ്മൂട്ടി

Share our post

റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടി. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

“സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്.

അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്”. എന്നാല്‍ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു.

റിലീസ് ദിവസം തന്നെ സിനിമാ റിവ്യൂ നടത്തുന്ന യുട്യൂബര്‍മാര്‍ക്കെതിരെ അടുത്തിടെ സിനിമാമേഖലയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച കേസില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. റിവ്യൂ മലയാള സിനിമയെ തകര്‍ക്കുന്നുണ്ടോ എന്ന വിഷയത്തിലെ സജീവ ചര്‍ച്ചകളും ഇതേത്തുടര്‍ന്ന് നടന്നിരുന്നു.

അതിനുശേഷം തിയറ്ററുകളിലെത്തിയ ദിലീപ് ചിത്രം ബാന്ദ്രയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളായ അജിത്ത് വിനായക ഫിലിംസ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. ഏഴ് യുട്യൂബര്‍മാരുടെ പേരുകള്‍ സഹിതമാണ് ഹര്‍ജി.

അതേസമയം മമ്മൂട്ടിയുടെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കാതല്‍. ജിയോ ബേബിയാണ് സംവിധായകന്‍. ജ്യോതികയാണ് നായിക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!