മേട്ടുപാളയം-ഊട്ടി ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു

മണ്ണിടിച്ചിലിനെ തുടർന്ന് ഒൻപതിന് നിർത്തിവെച്ച ഊട്ടി ഹിൽ റെയിൽവേ സർവീസ് ഞായർ രാവിലെ മുതൽ പുനരാരംഭിച്ചു. രാവിലെ 180ലധികം വിനോദസഞ്ചാരികളുമായി മേട്ടുപ്പാളയത്തുനിന്ന് 7.10 ഊട്ടിയിലേക്ക് ട്രെയിൻ പുറപ്പെട്ടു. പത്ത് ദിവസത്തിന് ശേഷം മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിൽ മൗണ്ടൻ റെയിൽ ഗതാഗതം പുനരാരംഭിച്ചു.
കഴിഞ്ഞ പത്ത് ദിവസമായി വടക്ക് കിഴക്കൻ മൺസൂൺ ശക്തമായി തുടരുകയാണ്. ഇതുമൂലം പർവത റെയിൽവേ സ്ഥിതി ചെയ്യുന്ന വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീഴുകയും മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്യുന്നു. പർവത റെയിൽവേ സ്ഥിതി ചെയ്യുന്ന കല്ലാർ, അഡര്‍ലി , ഹിൽഗ്രോവ് എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും പർവത റെയിൽവേ ട്രാക്കിന് നാശം സംഭവിച്ചു. ഇതിനുശേഷം റെയിൽവേ ജീവനക്കാർ തകർന്ന റെയിൽവേ ട്രാക്ക് നന്നാക്കുകയായിരുന്നു.
യാത്രക്കാർ അത്യധികം ആവേശത്തോടെയാണ് യാത്ര ചെയ്തത്. വളരെയധികം കാഴ്ചകളാണ് മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള വനമേഖലകളിൽ കാണാനുള്ളത്. അതുകൊണ്ടുതന്നെ സ്വദേശികളും വിദേശികളും മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരും പർവ്വത ട്രെയിൻ യാത്ര വളരെയധികം ഇഷ്ടപ്പെട്ടു. ഈ പ്രാവശ്യം ദീപാവലി ആഘോഷ ലീവിൽ വന്നവർക്ക് ട്രെയിൻ സർവീസ് റദ്ദാക്കിയത് കാരണം യാത്ര ചെയ്യാൻ സാധിച്ചില്ല. ബുക്ക് ചെയ്തവരെല്ലാം ക്യാൻസൽ ചെയ്യുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളിൽ ട്രാക്കിൽ പ്രശ്നങ്ങൾ ഇല്ലെങ്കിൽ തുടർന്ന് സർവീസ് ഉണ്ടാകും.